ബാബാ രാംദേവിന്റെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി

0
86

നൈനിറ്റാള്‍: ബാബാ രാംദേവിന്റെ സ്ഥാപനമായ ദിവ്യ യോഗ് ട്രസ്റ്റ് ഫാര്‍മസിയിലെ തൊഴിലാളികളെ മുന്നറിയിപ്പ് കൂടാതെ പിരിച്ചു വിട്ട കേസില്‍ നിര്‍ണായക വിധി പുറത്തു വന്നു. പിരിച്ചുവിട്ട തൊഴിലാളികളെ 2015 മതലുള്ള ശമ്പളം നല്‍കി തിരിച്ചെടുക്കാനാണ് കോടതി ഉത്തരവ്. 93ഓളം തൊഴിലാളികളെയാണ് യൂണിയനുണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ മുന്നറിയിപ്പ് കൂടാതെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളെയും മുന്‍കാലപ്രാബല്യത്തോടെ ശമ്പളം നല്‍കി തിരിച്ചെടുക്കാനാണ് കോടതി വിധി.

വിധിയനുസരിച്ച് 13 വര്‍ഷത്തെ കുടിശ്ശിക ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കും. 14.50 കോടി രൂപയാണ് തൊഴിലാളികള്‍ക്കുള്ള ശമ്പള കുടിശ്ശിക. ബാബാ രാംദേവിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ് യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്.

ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നവയില്‍ മൃഗകൊഴുപ്പും മറ്റും ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളും നേരത്തെ പുറത്തുവന്നിരുന്നു. സി.ഐ.ടി.യു നടത്തിയ പ്രതിരോധ സമരത്തിനൊടുവിലാണ് നിര്‍ണായക വിധി പുറത്തുവന്നത്.

ചീഫ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, യു.സി ധന്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജസ്റ്റിസ് രാജീവ് ശര്‍മയുടെ വിധി ശരിവെച്ചത്. തൊഴിലാളികളുടെ സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിധി ഉണ്ടായത്.