‘മായാനദിയും ഈടയും എന്തൊക്കെയോ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു, ജനാധിപത്യ ഇടങ്ങള്‍ മലയാള സിനിമയ്ക്കും ഉണ്ടാകും എന്ന സ്വപ്നം’

0
328

  രാജേഷ് ജെയിംസ്‌

മലയാള മുഖ്യധാര സിനിമകള്‍, കൃത്യമായ രാഷ്ട്രീയ ശരികള്‍ സംസാരിച്ചു തുടങ്ങിയിട്ട് അധികമായില്ല. സിനിമ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാവുമ്പോള്‍, സിനിമ നില്‍ക്കുന്ന രാഷ്ട്രീയ പരിസരങ്ങളും നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ആണ്‍കോയ്മകളുടെയും, ദളിത് വിരുദ്ധതകളുടെയും സാമൂഹ്യപരിസരങ്ങളില്‍ നിന്നും മുഖ്യധാരസിനിമകള്‍ / സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ പൂര്‍ണമായി തിരിഞ്ഞുനടന്നിട്ടില്ലെങ്കിലും, ശരാശരി മലയാളികളുടെ ലിംഗരാഷ്ട്രീയവശപ്പിശകുകളുടെ ചെവിക്കു പിടിക്കുന്ന നിരവധി സിനിമകള്‍ ഈയടുത്തകാലത്തായി മലയാള സിനിമകളുടെ സാധ്യതകളിലേയ്ക്കും പുത്തന്‍ ജനാധിപത്യ ഇടങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. കച്ചവട സിനിമകളില്‍ രാഷ്ട്രീയ ശരി തെറ്റുകള്‍ ചര്‍ച്ചയാകുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. സിനിമയ്ക്കകത്തെ ഹുങ്കാരങ്ങള്‍ക്ക് സിനിമ തന്നെ പ്രായശ്ചിത്തം ചെയ്യുന്നത് മലയാള സിനിമയിലെ പുത്തന്‍കാഴ്ചയാണ്.

സ്ത്രീ പക്ഷസ്വരമുയര്‍ത്തുന്ന ഫെമിനിച്ചികള്‍ പുറത്തിപ്പോഴും ആക്രമിക്കപ്പെടുമ്പോള്‍ ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങള്‍ പുതുകാല സിനിമകളില്‍ തകര്‍ത്താടുന്നത്, തീയേറ്ററുകളില്‍ സ്വീകരിക്കപ്പെടുന്ന മലയാളികളുടെ വൈരുദ്ധ്യമോ കപടതയോ രാഷട്രീയ നിലപാടുകളുടെ പ്രതിഫലനമോ ആണ്.

സിനിമയ്ക്ക് പുറത്ത് പാര്‍വതി ആക്രമിക്കപ്പെട്ടപ്പോള്‍ മലയാളികളുടെ ശരാശരി ആണധികാര നായക സങ്കല്‍പ്പങ്ങള്‍ക്ക് കത്തി വെച്ച അപര്‍ണ(അപ്പു) എന്ന നായികയും, രാഷ്ട്രീയ എതിരാളിയുടെ ആയുസ് തീരുമാനിക്കുന്ന സവിശേഷ ആണധികാര കക്ഷി രാഷ്ട്രീയ പ്രതിനിധിയായ സുധാകരനോട് കെട്ടാമെന്നല്ലേ പറഞ്ഞോളു കൂടെക്കിടക്കാമെന്നു പറഞ്ഞില്ലല്ലോ എന്നു പറഞ്ഞ് ആണധികാരത്തെ കൊല്ലാതെ കൊല്ലുന്ന അമ്മുവും പാര്‍വതി ഉയര്‍ത്തിയ നിലപാടുകളുടെ സെല്ലുലോയിഡ് ശരികളാണ്. വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും ‘മായാനദി’യും ‘ഈട’യും മുന്നോട്ടുവെയ്ക്കുന്ന സ്ത്രീപക്ഷ ചിന്തകള്‍ക്ക് പരിമിതമെങ്കിലും മലയാള കച്ചവട സിനിമാ  അന്തരീക്ഷത്തില്‍ പൊളിറ്റിക്കലി കറക്റ്റാവാന്‍ കഴിയുന്നുണ്ട്.

മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രത്തിന്റെ പൂര്‍ണവളര്‍ച്ചയെത്തിയ സ്ത്രീകഥാരൂപമാണ് ഈടയിലെ അമ്മു. ഈട എന്ന സിനിമ മലയാള സിനിമയുടെ കച്ചവടാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ഒരസാധാരണ സ്ത്രീപാത്ര സൃഷ്ടി നടത്തുന്നുണ്ട്.

മലയാള സിനിമയ്ക്ക് എത്രപണ്ടേ ലഭിക്കേണ്ടിയിരുന്ന സ്ത്രീ കഥാപാത്രമാണ് അമ്മു. തന്റെ സ്‌നേഹിതനെ സ്‌നേഹം അറിയിക്കുന്ന അമ്മു കാല്‍വിരല്‍ കൊണ്ട് കളമെഴുതി നാണിച്ചുനില്‍ക്കുന്ന മലയാളി വാര്‍പ്പുമാതൃക മങ്കയെ എത്ര അനായസമായാണ് തകര്‍ക്കുന്നത്. കൂടെക്കിടക്കാന്‍ സമ്മതിച്ചിട്ടില്ലല്ലോയെന്നു പറയുന്ന  അമ്മുവിനുമുന്നില്‍ ചാനല്‍ ചര്‍ച്ചകള്‍ ഗംഭീരമാക്കുന്ന, കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ ആണധികാരി നിലംപരിശാകുന്നു. പന്ന്യന്‍ സുധാകരന്റെ നിശബ്ദത പാട്രിയാര്‍ക്കിയുടെ പിടിയില്‍ ഒരു കമ്പോള സിനിമയുടെ ഗ്ലാമര്‍ സ്‌പേസില്‍ കാണുന്നത്‌ മലയാള സിനിമയിലെ ഒരു പാരഡൈം ഷിഫ്റ്റാണ്.

ഈടയിലെ സ്ത്രീകളൊക്കെ മുഖമുള്ളവരാണ്. ചിലരൊക്കെ പറ്റിക്കപ്പെട്ടവരെങ്കിലും തിരിച്ചടിക്കാനും, പ്രതിരോധിക്കാനും പിടിച്ചുനില്‍ക്കാനും കെല്‍പ്പുള്ളവരാണ്. പാര്‍ട്ടി നിലപാടിനെതിരെ പാര്‍ട്ടി തീരുമാനങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്ന സ്ത്രീ മലയാളി കണ്ടുശീലിച്ച പാര്‍ട്ടി ജാഥകള്‍ക്ക് ഫ്‌ളെക്‌സ് പിടിക്കേണ്ടിവരുന്ന സ്ത്രീകളെക്കാള്‍ എത്രയോ ശക്തയാണ്. മായാനദിയിലെ അപര്‍ണ നായകന്റെ ഇച്ഛകള്‍ക്കൊത്തു ചലിക്കുന്ന യന്ത്രപ്പാവാ വാര്‍പ്പുമാതൃകകളില്‍ നിന്നും ഭിന്നയാണെങ്കിലും രാത്രി സഞ്ചാരം സാധ്യമാക്കിയവള്‍ ആണെങ്കിലും, ആണധികാരത്തിന്‍റെ ബലംപിടുത്തത്തില്‍ ചിലപ്പോഴെങ്കിലും പരാജയപ്പെടുന്നുണ്ട്.

‘ബ്രെത്‌ലസി’ന്റെ മിനുക്കുരൂപമായ മായാനദിയിലെ ‘പട്രീഷ്യ’ എന്ന നായിക കാസ്റ്റിങ് കൗച്ചിനെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ തന്നെ പുറത്താക്കിയ സിനിമാക്കൂട്ടത്തോട് ‘നോ’ പറയാന്‍ പറ്റാതെ സിനിമയിലെ ആണധികാരകേന്ദ്രമായ സംവിധായകനുമുന്നില്‍, അയാളുടെ പാത്രസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് വിധേയ നടിയായി മാറേണ്ടിവരുന്നതില്‍ ചില രാഷ്ട്രീയ ശരികേടുകള്‍ ഉണ്ട്.

മായാനദിയെന്ന സിനിമ കാസ്റ്റിങ് കൗച്ച് എന്ന യാഥാര്‍ത്ഥ്യത്തെ പ്രശ്‌നവത്കരിച്ചിട്ടില്ല. അപര്‍ണയുടെ കാഴ്ചപാടുകള്‍ ചിലപ്പോഴെങ്കിലും സാമ്പ്രദായികമാണ്. മാത്തനെ കെട്ടാന്‍ മടിക്കുന്നതിനുള്ള കാരണമായി അപ്പു പറയുന്നത് വിവാഹത്തിലുള്ള തന്റെ വിശ്വാസക്കുറവല്ല, മറിച്ച് അവന്‍ പയ്യനാണ്, സീരിയസാണോയെന്ന ഷുവറാക്കാറായിട്ടില്ലെ എന്നൊക്കെയാണ്. സിനിമ അവസാനിപ്പിക്കുമ്പോഴും അവള്‍ പറഞ്ഞുവെയ്ക്കുന്നത് മാത്തന്റെ അസാധാരണത്വം തന്നെയാണ്. അവന് പൂച്ചയുടെ ജന്മമാണ്. പരാജയപ്പെടാനാവാത്ത ആണത്ത കോലാഹലങ്ങളുടെ അസ്ഥികൂടങ്ങളുണ്ട് അപ്പുവിന്റെ ഈ കാഴ്ചപ്പാടില്‍.

തന്റെ വിവാഹ നിശ്ചയത്തിന്റെ കാര്യം മറച്ചുവെച്ചുവെന്ന പേരില്‍ നന്ദു  പിണങ്ങുന്നു. എന്നാല്‍ പറയാന്‍ എനിക്കത് വലിയ കാര്യമായി തോന്നിയില്ലെന്ന്‌ അമ്മു പറയുമ്പോള്‍ മലയാളി കണ്ടശീലിച്ച വാര്‍പ്പുമാതൃക നായികയില്‍ നിന്നും അവള്‍ വ്യത്യസ്തയാവുന്നു. അപ്പുവിനും അമ്മുവിനും ഇടയില്‍ ഒരു നദിയുണ്ട്. അത് മായാനദിയല്ല. രാഷ്ട്രീയ ശരിതെറ്റുകളുടെ കൃത്യയമായ ഒഴുകുന്ന വിഭജന രേഖയാണ്.

ആണധികാരങ്ങളുടെ വാര്‍പ്പുമാതൃകകളെ കൃത്യമായി ചോദ്യം ചെയ്യുമ്പോഴും ‘ഈട’ എങ്ങനെ പൊതുവേ സാമ്പ്രദായിക കാഴ്ചപ്പാടുള്ള മലയാളി പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈട സുന്ദരമായ ഒരു സിനിമയാണ്. വളരെ പതുക്കെ തുളഞ്ഞുകയറുന്ന തുരുമ്പാണിക്ക് സമമാണത്.

മലയാളികളുടെ ആണത്ത സങ്കല്‍പ്പങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന, ശരാശരി പെണ്‍ സങ്കല്പങ്ങള്‍ അന്യമായ നായികാ കഥാപാത്രങ്ങളുള്ള സിനിമ മലയാളികള്‍ക്ക് സ്വീകാര്യമാകുന്നത്, അത് തുടരുന്ന ചില വാര്‍പ്പുമാതൃകകള്‍ കൊണ്ട് കൂടിയാണ് എന്ന് തോന്നിയിട്ടുണ്ട്. കണ്ണൂരിനെ സിനിമ അടയാളപ്പെടുത്തുന്നത് ഒരു മൂന്നാം കണ്ണിന്റെ കാഴ്ചയിലാണ്. വസ്തുനിഷ്ഠമായാണ്‌ എന്ന് സംവിധായകന്‍ പറയുമ്പോഴും ഒരു മറുചോദ്യമുണ്ട്: എന്തേ കണ്ണൂരിന്റെ മുഖങ്ങള്‍ക്കെല്ലാം ഒരേ രൂപം? കണ്ണൂരിലെ രാഷ്ട്രീയക്കാരൊക്കെ
കൊലപാതക രാഷ്ട്രീയത്തെ പ്രൊമോട്ട് ചെയ്യുന്നവരാണ് എന്ന കാഴ്ചപ്പാട് സംവിധായകന്‍ പറയുന്നതുപോലെ ഒബ്ജക്ടീവാകുന്നതെങ്ങനെയാണ് ? ഒരു തരത്തിലുള്ള ഓതറിങ് ആണത്.

എഡ്വേര്‍ഡ് സെയ്ദ് ഒക്കെ വിമര്‍ശിച്ചിട്ടുള്ള അന്യവത്ക്കരണമാണത്. കണ്ണൂരിന്റെ രാഷ്ട്രീയത്തെ പ്രശ്‌നവത്കരിക്കുന്ന സിനിമ മൈസൂരിന്റെയും അമേരിക്കയുടെയും രാഷ്ട്രീയത്തെ/സ്വഭാവത്തെ പ്രശ്‌നവത്കരിക്കാത്തിടത്താണ് ‘ഈട’ എന്ന സിനിമ കൂടുതല്‍ സൂക്ഷ്മവായനയ്ക്ക് വിധേയമാകേണ്ടത്.
കാരുണ്യ ലോട്ടറി വില്‍ക്കുന്ന വ്യക്തി വരെ ഒറ്റുകാരനാവുമ്പോള്‍ കണ്ണൂര്‍ ജീവിതങ്ങളെ മുഴുവന്‍ കക്ഷി രാഷ്ട്രീയക്കൊടിക്കീഴില്‍ കൊണ്ടുചെന്നുകൊടുക്കുന്നുണ്ട് സംവിധായകന്‍. ഇത്തരത്തിലുള്ള ‘കണ്ണൂര്‍ ഭയങ്ങളെ’ സിനിമ ചൂഷണം ചെയ്യുന്നുണ്ടോ? ‘ഈട’ എന്ന സിനിമ ഒരു ‘എത്തോഗ്രാഫിക് ‘ പഠനമാകുമ്പോള്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തേണ്ടതായിരുന്നു കണ്ണൂര്‍ ജീവിതവും, ദേശവും, ഭാഷയും അടയാളപ്പെടുത്തുമ്പോള്‍. എങ്കിലും മായാനദിയും ഈടയും എന്തൊക്കെയോ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നു. ജനാധിപത്യ ഇടങ്ങള്‍ മലയാളസിനിമയ്ക്കും ഉണ്ടാകും എന്ന സ്വപ്നം.