മെഡിക്കല്‍ കോഴ കേസില്‍ ജുഡീഷ്യല്‍ അഴിമതി സംബന്ധിച്ച ഫോണ്‍ സംഭാഷണം പുറത്തുവിട്ടു

0
53

ന്യൂഡല്‍ഹി: വിവാദമായ മെഡിക്കല്‍ കോഴ കേസില്‍ ജുഡീഷ്യല്‍ അഴിമതി സംബന്ധിച്ച് നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്തുവിട്ടു. സുപ്രീം കോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും ഉന്നത ജഡ്ജിമാര്‍ക്ക് പ്രസാദ് മെഡിക്കല്‍ എജുക്കേഷന്‍ ട്രസ്റ്റ് കൈക്കൂലി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതായി പ്രതികള്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണ രേഖകളാണ് പുറത്തായത്. സിബിഐയുടെ പക്കലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ ദി വയര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ച അലഹബാദിലെ പ്രസാദ് മെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി സമ്പാദിക്കുന്നതിനായി ജഡ്ജിമാര്‍ക്ക് കോഴ നല്‍കുന്നതിന് പ്രതികളായ ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം.ഖുദ്ദൂസി, ഇടനിലക്കാരനായ വിശ്വനാഥ് അഗര്‍വാള്‍ ട്രസ്റ്റ് പ്രതിനിധി ബി.പി.യാദവ് എന്നിവര്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്.

സെപ്തബംര്‍ മുന്നിന് സിബിഐ രേഖപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ കോളേജിന്റെ അംഗീകാരം തിരികെ ലഭിക്കുന്നതിനും ബാങ്ക് ഗ്യാരന്റി മെഡിക്കല്‍ കൗണ്‍സില്‍ മാറിയെടുക്കാതിരിക്കുന്നതിനുമള്ള നീക്കങ്ങള്‍ക്കായി ട്രസ്റ്റിന്റെ പ്രധാന ലോബിയിസ്റ്റായ യാദവ്, ഇടനിലക്കാരായ ഖുദ്ദൂസിയും അഗര്‍വാളും ആയി വിലപേശുന്നതാണുള്ളത്. കോടതിയില്‍ ട്രസ്റ്റിന് അനുകൂലമായ വിധി ഉറപ്പുനല്‍കുന്ന അജ്ഞാത വ്യക്തിയെ ‘ക്യാപ്ടന്‍’ എന്നാണ് സംഭാഷണങ്ങളില്‍ വിശേഷിപ്പിക്കുന്നത്.

സംഭാഷണങ്ങളില്‍ യാദവിനോട് ഖുദ്ദൂസിയും വിശ്വനാഥ അഗര്‍വാളും വലിയ തുക തന്നെ ‘പ്രസാദം’ ആയി നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചായക്കടക്കാരന്റെ സര്‍ക്കാര്‍ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും അതാണ് പ്രശ്നമെന്നും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. സെപ്തംബര്‍ നാല് കഴിഞ്ഞുള്ള ട്രസ്റ്റിന്റെ കേസ് പിന്നീട് പരിഗണിക്കുന്ന സെപ്തംബര്‍ 11 തിങ്കളാഴ്ചയെ കുറിച്ചാണ് ഈ പരാമര്‍ശങ്ങള്‍. സെപ്തംബര്‍ 11-ന് ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് പരിഗണിക്കുകയും അന്തിമ വിധി പറയുന്നതിനായി സെപ്തംബര്‍ 18-ലേക്ക് നീട്ടിവെക്കുകയും ചെയ്തു.

കൈമാറേണ്ടിവരുന്ന പണത്തെ സംബന്ധിച്ചും ഒരു ‘ജഡ്ജിക്ക്’ പണം അയയ്ക്കേണ്ട രീതിയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രസാദത്തിന് പുറമെ ‘പുസ്തകം’ ‘കിഴി’ തുടങ്ങിയ വിശേഷണങ്ങളും കൈക്കൂലി പണത്തിന് നല്‍കിയിട്ടുണ്ട്. കൈക്കുലി നല്‍കുന്നതിനും കേസിന്റെ അന്തിമ വിധിയെ സ്വാധീനിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലായിരുന്നു എന്നാണ് സിബിഐ ചോര്‍ത്തിയ സംഭാഷണങ്ങള്‍ തെളിയിക്കുന്നത്.

ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ജുഡീഷ്യല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായുള്ള വെളിപ്പെടുത്തലുകള്‍.