മോദി വിപ്ലവ നായകനെന്ന് ബെഞ്ചമിന്‍ നെതന്യാഹു

0
58

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദി ഇന്ത്യയുടെ വിപ്ലവ നായകനാണെന്നും മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വിപ്ലവമുണ്ടായെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ചരിത്രസംഭവമായിരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു നേതാവ് ഇസ്രായേല്‍ സന്ദര്‍ശിച്ചതെന്നും സംയുക്ത പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.

മോദി, നെതന്യാഹു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകളെ തുടര്‍ന്ന് സൈബര്‍ സുരക്ഷ, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനായി ഒമ്പത് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

മറ്റ് പല രാജ്യങ്ങളിലും യഹൂദന്‍മാര്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവാണ്. എന്നാല്‍ ഇന്ത്യയില്‍ കഴിയുന്ന യഹുദന്‍മാര്‍ക്കെതിരെ യാതൊരുവിധ ആക്രമണങ്ങളും ഇതുവരെയുണ്ടായില്ല. ഇത് ഇന്ത്യയുടെ സംസ്‌കാരവും ജനാധിപത്യവും സഹിഷ്ണതയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിനെതിരേ ഇന്ത്യയും ഇസ്രായേലും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മുംബൈ ആക്രമണത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയത്. ആഗ്ര, ഗുജറാത്ത്, മുംബൈ തുടങ്ങിയ ചരിത്ര നഗരങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.