ശ്രീജിത്തിനെയും കുടുംബത്തെയും മുഖ്യമന്ത്രി കാണും

0
43

തിരുവനന്തപരം: സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനെയും കുടുംബത്തേയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രീജിത്തിനെ നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകിട്ട് ഏഴു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച.

അതേസമയം, ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. സിബിഐ അന്വേഷണം തുടങ്ങുന്നത് വരെ തന്റെ സമരം തുടരുമെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങുമായി നടത്തിയ കൂടിക്കാഴിചയ്ക്ക് ശേഷമാണ് സിബിഐ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയതായി എം.പിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചത്.

അതിനിടെ, ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സിബിഐ അന്വേഷണത്തിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് 2014 മുതലുള്ള മുഴുവന്‍ രേഖകളും ബുധനാഴ്ച നല്‍കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.