സുപ്രീം കോടതി ഭരണസംവിധാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച്: തീരുമാനം ചീഫ് ജസ്റ്റിസിന്റേത്‌

0
52

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഭരണസംവിധാനത്തെ ചോദ്യം ചെയ്ത മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപികരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെതാണ് തീരുമാനംം. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളായിരിക്കും ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.

നേരത്തെ, മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവര്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസിനോടു വിയോജിപ്പു രേഖപ്പെടുത്തി പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ നടന്ന ഈ വാര്‍ത്താസമ്മേളനം സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു.

രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയുടെ വക്കുവരെ ഈ സംഭവം എത്തിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കവെയാണ് ഇവരെ നാലു പേരെയും ഒഴിവാക്കി നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചത്.