സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍

0
49

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി) കെ.കെ.വേണുഗോപാല്‍. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലാണെന്നും അത് പരിഹരിച്ചെന്നും എജി പ്രതികരിച്ചു. എന്നാല്‍ തര്‍ക്ക വിഷയങ്ങളിലെ ഏതെല്ലാം പ്രശ്‌നങ്ങളാണ് പരിഹരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ പത്രസമ്മേളനം നടത്തിയതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. അതിനുശേഷം ആദ്യത്തെ പ്രവൃത്തി ദിവസമായ ഇന്ന് രാവിലെ കോടതി ചേരുന്നതിനു മുന്‍പ് ജഡ്ജിമാര്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

രാവിലെ 10.30 ഓടെ പ്രവര്‍ത്തനം ആരംഭിക്കേണ്ട കോടതികള്‍ 15 മിനിറ്റു വൈകി തുടങ്ങിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രതിഷേധിച്ച നാല് ജഡ്ജിമാരും കോടതിയിലെത്തിയിരുന്നു. ഇവരില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കോടതി മാത്രമാണ് കൃത്യസമയത്ത് പ്രവര്‍ത്തനമാരംഭിച്ചത്. ജഡ്ജി എത്താത്തതിനാല്‍ ഇന്ന് ഒരു കോടതി പ്രവര്‍ത്തിച്ചില്ല.

ഇന്നു രാവിലെ കോടതി ചേര്‍ന്നയുടന്‍ പതിവു രീതിയിലുള്ള ചായ സല്‍ക്കാരം നടന്നിരുന്നു. ചായ സല്‍ക്കാരത്തിനിടെയാണ് ജഡ്ജിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നാണ് എജി വ്യക്തമാക്കുന്നത്.

പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ പ്രതിനിധി സംഘം ഇന്നലെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവരെ സന്ദര്‍ശിച്ചിരുന്നു. സുപ്രീം കോടതിയിലെ മറ്റ് അഭിഭാഷകരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ മാധ്യമങ്ങളെ അറിയിച്ചത്.