സുപ്രീം കോടതി ചേരാന്‍ 15 മിനിറ്റ് വൈകി; സമവായ ചര്‍ച്ചകള്‍ തുടരുന്നു

0
34

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ നാല് ജസ്റ്റിസുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ അയയാതെ സുപ്രീംകോടതി. രാവിലെ 10.30 ഓടെ പ്രവര്‍ത്തനം ആരംഭിക്കേണ്ട കോടതികള്‍ 15 മിനിറ്റു വൈകിയാണ് ചേര്‍ന്നത്. പ്രതിഷേധിച്ച നാല് ജഡ്ജിമാരും കോടതിയിലെത്തി. ഇവരില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കോടതി മാത്രമാണ് കൃത്യസമയത്ത് പ്രവര്‍ത്തനമാരംഭിച്ചത്. കൂടാതെ ജഡ്ജി എത്താത്തതിനാല്‍ ഇന്ന് ഒരു കോടതി പ്രവര്‍ത്തിക്കുന്നില്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള വിയോജിപ്പ് വ്യക്തമാക്കി ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ലോകൂര്‍ എന്നിവരാണ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമാണ് ഇന്ന്.

അതേസമയം, പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരുകയാണ്. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ പ്രതിനിധി സംഘം ഇന്നലെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവരെ സന്ദര്‍ശിച്ചിരുന്നു. സുപ്രീം കോടതിയിലെ മറ്റ് അഭിഭാഷകരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ മാധ്യമങ്ങളെ അറിയിച്ചത്.