സെഞ്ചൂറിയൻ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക്‌ ഒന്നാം ഇന്നിങ്സ് ലീഡ്

0
48

സെഞ്ചൂറിയൻ: സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ ദക്ഷിണാഫ്രിക്കക്ക് 28 റൺസ് ആദ്യ ഇന്നിങ്സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 335 റണ്‍സിനെതിരെ മൂന്നാം ദിവസം ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 307 റൺസിൽ അവസാനിക്കുകയായിരുന്നു.

നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ 307 റൺസിലെത്തിയത്. 217 പന്തിലാണ് കോഹ്‌ലി 153 തികച്ചത്. ടെസ്റ്റിലെ തന്‍റെ 21-ാം
സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്.

130 പന്തിൽ 85 റൺ‌സുമായി രണ്ടാം ദിനം അവസാനിപ്പിച്ച കോഹ്‌ലി അനായാസം സെഞ്ചുറിയിലേക്കെത്തി. എന്നാൽ കോഹ്‌ലിയുടെ സെഞ്ചുറി നേട്ടത്തിന്‍റെ ആഹ്‌ളാദം അടങ്ങും മുന്നെ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന പാണ്ഡ്യയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.

അനാവശ്യമായി റൺസിനായി ക്രീസ് വിട്ടിറങ്ങി ‌ഓടിയ പാണ്ഡ്യ തിരികെ കയറാനുള്ള ശ്രമത്തിനിടെയാണ് ഔട്ടായത്. ഇന്ത്യക്ക് വേണ്ടി മുരളി വിജയ് (46) അശ്വിൻ (38) എന്നിവർ മാത്രമാണ് കോഹ് ലിയ്ക്കു പുറമെ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ദക്ഷണാഫ്രിക്കക്ക് വേണ്ടി മോർക്കൽ 4 വിക്കറ്റ് നേടി.

നേരത്തെ ഹാഷിം അംലയുടേയും മര്‍ക്കരത്തിന്റേയും ഡുപ്ലെസിസിന്റേയും അര്‍ധ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക 335 റണ്‍സ് എടുത്തത്. അംല 82ഉം ഡുപ്ലെസിസിസ് 63ഉം മര്‍ക്കരം 94ലും റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഇശാന്ത് ശര്‍മ
മൂന്നും ആര്‍ അശ്വിന്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി.