അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് സ്ത്രീകള്‍ കരുതുന്നതായി സര്‍വേ

0
75

ന്യൂഡൽഹി: ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഗുരുതരമല്ലാത്ത കാരണങ്ങളാലുള്ള പീഡനത്തോട് ഭൂരിഭാഗം മലയാളി വീട്ടമ്മമാർക്കും എതിർപ്പില്ല. കേരളത്തിലെ 69 ശതമാനം വീട്ടമ്മമാർ ഒരുതരത്തിലല്ലെങ്കിൽ വേറൊരു തരത്തിലുള്ള പീഡനത്തെ അനുകൂലിക്കുന്നെന്നാണ് നാലാമത് ദേശീയ കുടുംബ-ആരോഗ്യ സർവേയിലെ കണ്ടെത്തൽ. മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് ആണ് സർവേ നടത്തിയത്. 15-നും 49-നും മധ്യേ പ്രായമുള്ളവർക്കിടയിലായിരുന്നു സർവേ.

ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്ന പുരുഷൻമാർ 58 ശതമാനമാണ്. പീഡനം ശരിവെക്കുന്നവരുടെ ദേശീയ ശരാശരി 52 ശതമാനമാണ്.

ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്നതില്‍ മുന്നിൽ തെലങ്കാന(84 ശതമാനം), മണിപ്പുർ (84 ശതമാനം), ആന്ധ്രാപ്രദേശ് (82 ശതമാനം), സിക്കിം (എട്ടുശതമാനം), ഹമാചൽപ്രദേശ് (19 ശതമാനം), ഗോവ (21 ശതമാനം) എന്നിവിടങ്ങളിലെ സ്ത്രീകൾ ഇതിനെ എതിർക്കുന്നു. ഗാർഹികപീഡനത്തെ അനുകൂലിക്കുന്നവർ കൂടുതലും ഗ്രാമീണമേഖലയിൽ.

കുടുംബത്തെയും കുട്ടികളെയും നോക്കാതിരിക്കുക, ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, നന്നായി പാചകം ചെയ്യാതിരിക്കുക, ലൈംഗികബന്ധത്തിന്‌ വിസമ്മതിക്കുക എന്നിവയാണ്‌ ഭാര്യയെ മർദിക്കാൻ തക്ക ‘അംഗീകൃത’ കാരണങ്ങളായി മലയാളി സ്ത്രീകൾ കരുതുന്നത്.

അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ല, ഭർത്താവിന് സംശയം തോന്നിയാൽ ഭാര്യമാരെ മർദിക്കാം, ഭർത്താവുമായി തർക്കിക്കുന്ന ഭാര്യയെ മർദിക്കാം എന്നാണ് സ്ത്രീകൾ പറയുന്നതെന്ന്‌ സർവേ.

തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകൾ കേരളത്തിൽ 12 ശതമാനമേയുള്ളൂവെന്ന് സർവേ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട് (54 ശതമാനം), തെലങ്കാന (44 ശതമാനം), കർണാടക (31 ശതമാനം) എന്നീ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കേരളത്തേക്കാൾ ഏറെ മുന്നിലാണ്. കേരളത്തിൽ സ്വന്തമായി പണം വിനിയോഗിക്കുന്ന സ്ത്രീകൾ 40 ശതമാനമുണ്ടെന്നും കുടുംബ – ആരോഗ്യ സർവേയിൽ പറയുന്നു.

10 വർഷംമുമ്പ് പ്രസിദ്ധീകരിച്ച മൂന്നാമത് ദേശീയ കുടുംബ-ആരോഗ്യ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടി. അന്ന് കേരളത്തിലെ 66 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷൻമാരും ഗാർഹികപീഡനത്തിന് അനുകൂലമായിരുന്നു. ദേശീയ ശരാശരിയിൽ കുറവുണ്ടായി. കഴിഞ്ഞ സർവേയിൽ 54 ശതമാനം സ്ത്രീകളും 51 ശതമാനം പുരുഷൻമാരുമായിരുന്നു ഭാര്യമാരെ മർദിക്കുന്നതിനെ അനുകൂലിച്ചത്.