ഉദയംപേരൂർ നീതു വധക്കേസ് : പ്രതി ബിനുരാജ് ജീവനൊടുക്കി‍

0
51

കൊച്ചി:  ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ബിനുരാജ് ജീവനൊടുക്കി‍. കേസിന്‍റെ വിചാരണ നാളെ തുടങ്ങിനിരിക്കെയാണ് മരണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

വീടിന്‍റെ ടെറസിൽ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണു കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു.

നീതു പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂർത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തിൽ പെട്ട ഏറെ മുതിർന്ന ആളെ പ്രണയിക്കുന്നതു വീട്ടുകാർ വിലക്കി.

ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഉദയംപേരൂർ സ്‌റ്റേഷനിൽ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാൻ തയാറാണെന്നും ഇവർ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.

അന്നു വീട്ടുകാരോടൊപ്പം പോകാൻ വിസമ്മതിച്ച നീതുവിനെ ആദ്യം വനിതാ ഹോസ്‌റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. മനം മാറ്റമുണ്ടായ നീതു പിന്നീട് ബിനുരാജിനെ കാണുന്നതിനു വിമുഖത പ്രകടിപ്പിച്ചു. 2014 ഡിസംബര്‍ 18 നാണ് കേസിന് ആസ്പദമായ  സംഭവം നടന്നത്