ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല; അധിക്ഷേപവുമായി വീണ്ടും മാണി സി.കാപ്പന്‍

0
53

കോട്ടയം: അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് ദേശീയ നേതാവായ മാണി സി.കാപ്പന്‍. ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്‍പര്യം മാത്രം നോക്കിയാണ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ നയിച്ചത്. ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മാണി സി. കാപ്പന്‍ തുറന്നടിച്ചു.

ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നു. ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ എന്നാണ്, വിജയനെ ഫോണില്‍ വിളിച്ച് കൊലവിളി നടത്തിയ പാര്‍ട്ടി സംസ്ഥാന നേതാവിനെ ന്യായീകരിച്ച് മാണി സി. കാപ്പന്‍ ചോദിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റിനെതിരെ സംസ്ഥാന നേതാവ് തന്നെ നടത്തിയ കൊലവിളിയെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇതിനെയെല്ലാം ന്യായീകരിച്ച് മാണി.സി.കാപ്പന്‍ രംഗത്തെത്തിയത്.

എന്‍സിപി സംസ്ഥാനപ്രസിന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനമെന്ന ആരോപണം ശക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിന് പുറമെ, ജോക്കര്‍ എന്ന് മാണി സി. കാപ്പന്‍ പരസ്യമായി വിളിച്ചതും വിജയനെ തളര്‍ത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.