ഓഖി ദുരന്തത്തെക്കുറിച്ച് ഡോക്യുമെന്ററിയുമായി ദിവ്യ ഭാരതി; ‘ഒരുത്തരും വരേല’

0
103

ആരതി.എം.ആര്‍

കൈയുറ പോലും ധരിക്കാതെ മനുഷ്യവിസര്‍ജ്യം കൈകാര്യം ചെയ്യുന്ന തോട്ടിപ്പണിക്കാര്‍ക്ക് വേണ്ടി ഉയര്‍ന്ന ശബ്ദമായിരുന്നു ‘കക്കൂസ്’എന്ന ഡോക്യുമെന്ററി. അതിനോടൊപ്പം രാജ്യമൊട്ടാകെ തെല്ലൊരു ഭയത്തോടെ നോക്കിക്കണ്ട സംവിധായികയാണ് ദിവ്യഭാരതി. കക്കൂസ് തമിഴ് രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ഉയര്‍ത്തികാട്ടിയ കാഴ്ചകള്‍ അത്രയേറെ യാഥാര്‍ത്ഥ്യമുള്ളതും അരോചകവുമായിരുന്നു. കണ്ടിരിക്കുമ്പോള്‍ തന്നെ ഓക്കാനം വരുന്ന ദൃശ്യങ്ങളിലൂടെ സംസ്‌കാര സമ്പന്നര്‍ എന്ന് മേനി നടിക്കുന്നവരുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയായിരുന്നു സംവിധായിക. 2017 ഫെബ്രുവരി 26ന് റിലീസ് ചെയ്ത ചിത്രത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചെത്തി. പ്രദര്‍ശനം പല ഇടങ്ങളിലും നിരോധിച്ചു. സെന്‍സര്‍ ചെയ്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഡല്‍ഹി കേരള ഹൗസില്‍ പോലും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചില്ല. എന്നാല്‍ രാജ്യത്തിന്‌ അകത്തും പുറത്തുമായി നാനൂറോളം വേദികള്‍ ദിവ്യ ഭാരതിയുടെ ‘കക്കൂസ് ‘ എന്ന ഡോക്യുമെന്ററിയ്ക്ക് കിട്ടി. യൂട്യൂബില്‍ മാത്രം ചിത്രം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പതിയെ ‘കക്കൂസ് ‘ നമുക്ക് മുന്‍പില്‍ നിന്നും മാഞ്ഞ് തുടങ്ങുമ്പോള്‍ അടുത്ത ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ദിവ്യ ഭാരതി. കക്കൂസിനെ വെല്ലുന്ന, രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഭയപ്പെടേണ്ട വിഷയം തന്നെയാണ് ഇപ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്, ‘ഓഖി’. ഡോക്യുമെന്ററിയുടെ പേര് ‘ ഒരുത്തരും വരേല ‘.

ഓഖി ഒരു ഡോക്യുമെന്ററിയാക്കണമെന്ന് തീരുമാനിച്ചത് എപ്പോഴായിരുന്നു?

കക്കൂസ് എന്ന എന്റെ ഡോക്യുമെന്ററി നേരിടേണ്ടി വന്ന പ്രതിഷേധങ്ങളും നിരോധനങ്ങളും വളരെ വലുതായിരുന്നു. അത് കഴിഞ്ഞിട്ട് ഡോക്യുമെന്ററി ചെയ്യണമെന്നൊന്നും ഇല്ലായിരുന്നു. ഓഖിയുടെ സമയം മല്‍സ്യത്തൊഴിലാളികളുടെയെല്ലാം മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വീഡിയോ കാണാന്‍ ഇടയായി. അങ്ങനെയൊരു കാഴ്ച എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടേയില്ല. എന്റെ സുഹൃത്തിനെ കാണാനായിട്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. ഡോക്യുമെന്ററി ചെയ്യണമെന്നൊന്നും അപ്പോഴില്ലായിരുന്നു. മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് സത്യാവസ്ഥ മനസ്സിലാക്കാനായി ഞാന്‍ ഒരു കുഞ്ഞുക്യാമറയുമായാണ് പോയത്. പക്ഷേ അപ്പോള്‍ മാത്രമാണ് മല്‍സ്യബന്ധനമേഖലകളെ അവരുടെ സമൂഹത്തെ എത്രത്തോളം പൊതുസമൂഹം പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്ന് മനസ്സിലായത്. ആ നിമിഷത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍ വെട്ടിമുറിച്ചവയെ എല്ലാം പൊതുസമൂഹത്തില്‍ കൊണ്ടുവരണമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ഷൂട്ട് ചെയ്തതും. ‘ഒരുത്തരും വരേല’ ഉണ്ടായതും.

ചിത്രീകരണത്തിനായി തിരഞ്ഞെടുത്ത തീരദേശങ്ങള്‍ ഏതൊക്കെയായിരുന്നു?

തമിഴ്‌നാട്ടില്‍ കന്യാകുമാരി, നാഗപ്പട്ടണം, കടലൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലും കേരളത്തില്‍ വിഴിഞ്ഞം, പൂന്തുറ എന്നീ തീരപ്രദേശങ്ങളിലും ഡോക്യുമെന്ററിക്കായി സന്ദര്‍ശിച്ചിരുന്നു.

ദുരന്തമുഖത്തില്‍ നിന്ന് ചിത്രീകരിച്ചപ്പോള്‍ അവിടുത്തെ അവസ്ഥയെ എങ്ങനെയാണ് അഭിമുഖീകരിച്ചത്?

ആ അവസ്ഥ പറഞ്ഞറിയിക്കാനാകില്ല. ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറക്കുകയായിരുന്നു. നിര്‍ത്താതെ കരയുകയായിരുന്നു ഞാന്‍. മൃതദേഹങ്ങള്‍ കിട്ടിയതിന് ശേഷം ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തും. അത് ഷൂട്ട് ചെയ്യുമ്പോള്‍ തീരുമാനിച്ച കാര്യമാണ് ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും വീടുകളില്‍ പോയി ഒരിക്കലും ഷൂട്ട് ചെയ്യില്ലയെന്നത്. പത്ത് പേരാണെങ്കില്‍ പോയി കാണാം, ഷൂട്ട് ചെയ്യാം. എന്നാല്‍ അഞ്ഞൂറിനും മേലെ ആളുകള്‍ തിരികെ എത്താനുള്ളപ്പോള്‍ എങ്ങനെ അതു സാധ്യമാകും. അതുമാത്രമല്ല, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് നില്‍ക്കുന്നവരുടെ മുന്നില്‍ ക്യാമറയുമായി നില്‍ക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ആകുമായിരുന്നില്ല. എനിക്ക് അതിനുള്ള ധൈര്യമില്ലായിരുന്നു.

ശാസ്ത്രസാങ്കേതികവിദ്യയില്‍ വളരെ മുന്നിലാണെന്ന് വാദിക്കുമ്പോഴും എങ്ങനെയാണ് ഓഖി പോലൊരു ദുരന്തം കൈവിട്ടുപോയത്?

കാലാവസ്ഥ പഠനങ്ങള്‍ക്ക് ഏറ്റവും അധികം സാറ്റലൈറ്റുകള്‍ അയച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ടും നമ്മള്‍ ഇത്തരത്തിലുള്ള ഒരു ദുരന്തം നേരിടുന്നതില്‍ പരാജയപ്പെട്ടു. ഇത് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പരാജയമായിരുന്നു. ഓഖിയെ ദുരന്തമാക്കിയത് അതാണ്. അതിനെ ആസൂത്രണമാണെന്നെ
കാണാനാവൂ. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്.

ഓഖിയെ നേരിടുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എത്രത്തോളം വിജയിച്ചു?

തമിഴ്‌നാട്ടിലെ മല്‍സ്യബന്ധനത്തൊഴിലാളികള്‍ കേരളത്തെയാണ് മാതൃകയാക്കി വെച്ചിരിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍തല നീക്കങ്ങള്‍ അഭിനന്ദനാര്‍ഹമായിരുന്നു. കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തിയതും അവര്‍ക്ക് ധനസഹായവും നഷ്ടപരിഹാരവും നല്‍കിയതും തമിഴ്‌നാട്ടിലെ തീരദേശവാസികളുടെ ശ്രദ്ധയിലും പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ കേരളത്തിലോട്ട് ഞങ്ങളെ യോജിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതും.

തിരികെ ലഭിച്ച മൃതദേഹങ്ങള്‍ എല്ലാം കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതേ സമയം തമിഴ്‌നാട് സര്‍ക്കാര്‍ ജീവനോടെ ആരെയും കണ്ടെത്തിയില്ല. മൃതദേഹവും കണ്ടെത്തിയില്ല. ഡിഎന്‍എ ടെസ്റ്റിനും ഞങ്ങള്‍ കേരളത്തിലേക്കാണ് വരുന്നത്. അങ്ങനെ താരതമ്യം ചെയ്യുമ്പോള്‍ കേരളം വളരെ നല്ല രീതിയിലാണ് ഓഖിയെ നേരിട്ടത്.

എന്തുകൊണ്ടാണ് ഇത്തരം സാഹചര്യം നിലനിന്നിട്ടും ചോദ്യം ചെയ്യാനായി ആരും ഉണ്ടാകാതിരുന്നത്?

സത്യത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആരുമില്ല. അവരുടെ ഇടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഒതുങ്ങിപ്പോകുകയാണ് പലപ്പോഴും ചെയ്യുന്നത്. ആ സ്ഥിതി മാറാനും കൂടിയുള്ള ഒരു ഉദ്യമമാണ് ‘ഒരുത്തരും വരേല’.

‘ഒരുത്തരും വരേല’ സംസാരിക്കുന്നത് കടലില്‍ പോയവരെക്കുറിച്ചാണ്. കാണാതായവരെയും മരണപ്പെട്ടവരെയും കുറിച്ചാണ്. ഇപ്പോഴും 250 പേരിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. വെറും 14 മൃതദേഹങ്ങളാണ് തിരിച്ചെത്തിയത്. തീരത്ത് ഉണ്ടായിരുന്നവര്‍ക്ക് കാണാതായവരെ തിരിച്ച് കൊണ്ടുവരണം എന്ന് മാത്രമായിരുന്നു ആവശ്യം.

ജനങ്ങള്‍ക്ക് മുമ്പില്‍ എന്നാണ് ‘ഒരുത്തരും വരേല’എത്തുക?

ജനുവരി 8ന് ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ ഡോക്യുമെന്ററിയുടെ അവസാനഘട്ടത്തിലാണ്. ജനുവരി 25ഓടെ ഡോക്യുമെന്ററി പൂര്‍ത്തിയാകും. ഫെബ്രുവരി ആദ്യവാരം റിലീസ് ചെയ്യാനാകുമെന്നാണ് വിശ്വാസം.