കൊതിയൂറും പലതരം അച്ചാറുകള്‍

0
221

കണ്ണിമാങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍

കണ്ണിമാങ്ങാ – അരക്കിലോ
നല്ലെണ്ണ – കാല്‍കപ്പ്‌
ഉപ്പ്‌ – ആവശ്യത്തിന്‌
മുളകുപൊടി – അരക്കപ്പ്‌
കടുക്‌ (പൊടിച്ചത്‌) – അരക്കപ്പ്‌
കായപ്പൊടി – ഒരു ടീസ്‌പൂണ്‍
ഉലുവാ (പൊടിച്ചത്‌) – ഒരു ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

കണ്ണിമാങ്ങാ ഉപ്പുപുരട്ടി ഒരു ദിവസം വയ്‌ക്കുക. പിന്നീട്‌ ഇതിലേക്ക്‌ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. വായുകടക്കാത്ത ഭരണിയില്‍ കണ്ണിമാങ്ങാ പകര്‍ത്തുക. ചേരുവകള്‍ നല്ലതുപോലെ ചേരുന്നതിന്‌ ഇടയ്‌ക്കിടെ പാത്രം ഇളക്കുക.

നാരങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍

നാലായി മുറിച്ച ചെറുനാരങ്ങാ – 25 എണ്ണം
ഉപ്പ്‌ – 1/2 കപ്പ്‌
നല്ലെണ്ണ – 1/4 കപ്പ്‌
കടുക്‌ – ഒരു ടീസ്‌പൂണ്‍
ഉലുവ – ഒരു ടീസ്‌പൂണ്‍
ഇഞ്ചി അരിഞ്ഞത്‌ – ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്‌ – 12 എണ്ണം
പച്ചമുളക്‌ കീറിയത്‌ – ആറെണ്ണം
കറിവേപ്പില – 12 തണ്ട്‌
മുളകുപൊടി – ആറു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍
കായപ്പൊടി – ഒരു ടീസ്‌പൂണ്‍
വിനാഗിരി – 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങാക്കഷണങ്ങളില്‍ ഉപ്പ്‌ പുരട്ടി പത്തുദിവസം വയ്‌ക്കുക. ഇടയ്‌ക്കിടെ ഇളക്കിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട്‌ പൊട്ടിക്കുക. തീ കുറച്ച്‌ ഉലുവാ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ ചേര്‍ത്ത്‌ രണ്ടുമിനിറ്റ്‌ മൂപ്പിക്കുക. പിന്നീട്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത്‌ മൂപ്പിക്കുക. മസാലക്കൂട്ട്‌ ചൂടായിക്കഴിയുമ്പോള്‍ ഇതിലേക്ക്‌ ഉപ്പിലിട്ട നാരങ്ങയും വിനാഗിരിയും ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പു ചേര്‍ക്കുക. ഏകദേശം രണ്ടുമിനിറ്റ്‌ തിളയ്‌ക്കാന്‍ തുടങ്ങുന്നതുവരെ ചൂടാക്കുക.

അടമാങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍

തൊലികളഞ്ഞ്‌ നീളത്തില്‍ കനംകുറച്ച്‌ അരിഞ്ഞ പച്ചമാങ്ങാ – ഒരു കിലോ
കല്ലുപ്പ്‌ – രണ്ടു ടേബിള്‍സ്‌പൂണ്‍
നല്ലെണ്ണ – 1/2 കപ്പ്‌
ഇഞ്ചി ഒരിഞ്ചുകനത്തില്‍ അരിഞ്ഞത്‌ – ഒരുകഷണം
വെളുത്തുള്ളി കനംകുറച്ച്‌ അരിഞ്ഞത്‌ – ആറ്‌
കറിവേപ്പില – പാകത്തിന്‌
മുളകുപൊടി -1/4 കപ്പ്‌
മഞ്ഞള്‍പ്പൊടി – ഒരു സ്‌പൂണ്‍
കായം -ഒരു ടീസ്‌പൂണ്‍
ശര്‍ക്കര – 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

മാങ്ങാ അരിഞ്ഞതില്‍ ഉപ്പുപുരട്ടി ഒരു ദിവസം വയ്‌ക്കുക. അടുത്തദിവസം മാങ്ങാ വെയിലത്തു നിരത്തിവച്ച്‌ ഉണക്കുക. രണ്ടാഴ്‌ച വെയിലത്തുവച്ച്‌ മാങ്ങാ വെള്ളമയം മാറുന്നതുവരെ ഉണക്കണം. അടിഭാഗം കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിക്കുക. തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത്‌ ചെറുചൂടാകുന്നതുവരെ ഇളക്കുക. പിന്നീട്‌ ഉണങ്ങിയ മാങ്ങയും ശര്‍ക്കരയും ചേര്‍ക്കുക. മാങ്ങാക്കഷണങ്ങളില്‍ ഈ കൂട്ട്‌ പിടിക്കുന്നതുവരെ ഇളക്കുക. ആവശ്യമെങ്കില്‍ മാത്രം വീണ്ടും ഉപ്പ്‌ ചേര്‍ത്താല്‍ മതി.

നാരങ്ങ-പച്ചക്കുരുമുളക്‌ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍

ചെറുനാരങ്ങ – 25 എണ്ണം
ഉപ്പ്‌ – പാകത്തിന്‌
നല്ലെണ്ണ – കാല്‍കപ്പ്‌
പച്ചമുളക്‌ കീറിയത്‌ – 12 എണ്ണം
ഇഞ്ചി (അരിഞ്ഞത)്‌ – ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്‌) – എട്ടെണ്ണം
കറിവേപ്പില – കുറച്ച്‌
മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍
പച്ചക്കുരുമുളക്‌ – ഒരു കപ്പ്‌
നാരങ്ങാനീര്‌ – അരക്കപ്പ്‌

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങാ ഉപ്പുപുരട്ടി ഒരാഴ്‌ചവയ്‌ക്കുക. എണ്ണ ചൂടാക്കി അതില്‍ പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു രണ്ടുമിനിറ്റ്‌ മൂപ്പിക്കുക. പിന്നീട്‌ മഞ്ഞള്‍പ്പൊടി, പച്ചക്കുരുമുളക്‌ എന്നിവ ചേര്‍ത്ത്‌ അല്‍പ്പസമയം വേവിക്കുക. പച്ചക്കുരുമുളകില്‍ എണ്ണപിടിക്കുംവരെ വേവിക്കുക. ഉപ്പിട്ട്‌ നാരങ്ങയും നാരങ്ങാനീരും ചേര്‍ക്കുക. പിന്നീട്‌ തീയില്‍നിന്നു വാങ്ങിവയ്‌ക്കുക. നല്ലതുപോലെ ചൂടാറിയശേഷം കുപ്പിയിലേക്ക്‌ പകരണം. ഒരാഴ്‌ചകഴിഞ്ഞ്‌ ഉപയോഗിക്കാം.

വെളുത്തുള്ളി അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍

വെളുത്തുള്ളി തൊലികളഞ്ഞത്‌ – ഒരു കിലോ
ഇഞ്ചി – നൂറ്‌ ഗ്രാം
ഉപ്പ്‌ – നൂറ്‌ ഗ്രാം
നല്ലെണ്ണ – നൂറ്റമ്പത്‌ ഗ്രാം
വിനാഗിരി – പാകത്തിന്‌
മുളക്‌ – പത്തെണ്ണം
കുരുമുളക്‌ – മുപ്പത്‌ഗ്രാം
കായം – പ്‌ത്ത് ഗ്രാം
ഉലുവ – പതിനഞ്ച്‌ ഗ്രാം
മഞ്ഞള്‍പൊടി – രണ്ട്‌ ടീസ്‌പൂണ്‍
പഞ്ചസാര – ഒരു നുള്ള്‌

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി എണ്ണയില്‍ വഴറ്റിയെടുക്കണം. അതേ എണ്ണയില്‍ ഇഞ്ചി, അരച്ചെടുത്ത മുളക്‌, കുരുമുളക്‌, മഞ്ഞള്‍ എന്നിവ മൂപ്പിക്കുക. മൂത്തു വരുമ്പോള്‍ അരച്ച കടുക്‌, ഉലുവ, കായം എന്നിവ ചേര്‍ത്തു മൂപ്പിച്ച്‌ വിനാഗിരി ചേര്‍ക്കുക. എല്ലാം ചേര്‍ത്തു തിളയ്‌ക്കുമ്പോള്‍ പഞ്ചസാരയും വെളുത്തുള്ളിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വാങ്ങുക. ഇതിന്റെ മുകളില്‍ വിനാഗിരി ഒഴിച്ച്‌ അടച്ച്‌ സൂക്ഷിക്കുക.