കോഹ് ലിയും പുറത്ത്; 287 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നിന് 35

0
38


സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ പതറുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടേത് അടക്കം മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ നേടിയിരിക്കുന്നത് 35 റണ്‍സാണ്. അവസാന ദിനമായ നാളെ ഇന്ത്യ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ നേടേണ്ടത് 252 റണ്‍സാണ്. മുരളി വിജയ്(9), കെ.എല്‍.രാഹുല്‍(4), വിരാട് കോഹ് ലി(5) എന്നിവരാണ് പുറത്തായത്. 11 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്‍സുമായി പാര്‍ത്ഥിവ് പട്ടേലുമാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി എന്‍ഗിഡി രണ്ടും കഗീസോ റബാദ ഒന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 258 റണ്‍സിന് പുറത്തായിരുന്നു. രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ ഇന്ന് കളി പുന:രാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എ.ബി.ഡിവില്ലിയേഴ്സ്(80), ഡീന്‍ എല്‍ഗാര്‍(61), ക്വിന്റണ്‍ ഡി കോക്ക്(12), വെര്‍ണന്‍ ഫിലാന്‍ഡര്‍(26), കേശവ് മഹാരാജ്(6), ഫാഫ് ഡുപ്ലെസിസ്(48), കഗീസോ റബാദ(4), എന്‍ഗിഡി(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്സും എല്‍ഗാറും ചേര്‍ന്ന് നേടിയ 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റ് നേടി. അശ്വിന്‍ ഒരു വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ 335ഉം ഇന്ത്യ 307ഉം റണ്‍സാണ് നേടിയിരുന്നത്.