ജസ്റ്റിസ് ലോയയുടെ മരണം: രേഖകള്‍ മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

0
46


ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഒരു രേഖയും മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഇന്ന് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള രേഖകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്.

മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ നല്‍കിയശേഷം രഹസ്യ സ്വഭാവമുള്ള രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഈ രേഖകള്‍ പരസ്യപ്പെടുത്തരുതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് ഡയറി ഒഴികെയുള്ള എല്ലാ രേഖകളും പരാതിക്കാരന് നല്‍കണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരാതിക്കാരന്‍ അറിയണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതേസമയം, കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.

സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ഹര്‍ജിയിന്‍മേലാണ് സുപ്രീം കോടതി നിര്‍ണായകമായ നിലപാട് വ്യക്തമാക്കിയത്. ഈ ഹര്‍ജിക്ക് പുറമേ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊതുതാത്പര്യ ഹര്‍ജികളും സുപ്രീം കോടതിയിലുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യപ്രതികരണം നടത്തിയതിന്റെ കാരണങ്ങളില്‍ ഒന്ന് ലോയ കേസാണ്. സുപ്രധാനവും താത്പര്യമുള്ളതുമായ കേസുകള്‍ ചീഫ് ജസ്റ്റിസ് തനിക്ക് ഇഷ്ടമുള്ള ബെഞ്ചിന് നല്‍കുന്നുവെന്നാണ് ജഡ്ജിമാര്‍ ആരോപണം ഉന്നയിച്ചിരുന്നത്.