ജെഫ് തോംസണ്‍;വേഗതയുടെ രാജാവ്

0
45

ഋഷിദാസ്‌

ക്രിക്കറ്റിന്റെ വന്യമായ സൗന്ദര്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും കുടികൊള്ളുന്നത് ഫാസ്റ്റ് ബൗളര്‍മാരില്‍ ആണെന്ന് പറയാം. കളി തുടങ്ങിയ കാലം മുതല്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയാന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ശ്രമിച്ചിരുന്നു.

നല്ലൊരു ഫാസ്റ്റ്ബൗളര്‍ ടീമില്‍ ഉണ്ടെങ്കില്‍ ആ ടീമിന്റെ പല ദൗര്‍ബല്യങ്ങളും മറക്കപ്പെടും. ഫാസ്റ്റ് ബൗളിങ്ങിന്റെ വേഗത അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്ഥിരമായി അളക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ട് മാത്രമേ ആകുന്നുളൂ. അക്കാലയളവില്‍ പാകിസ്ഥാന്റെ അക്തറും ഓസ്ട്രേലിയയിലെ ബ്രെറ്റ് ലീയും, ഷോണ്‍ ടൈറ്റുമാണ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളില്‍ പന്തെറിഞ്ഞിട്ടുള്ളത്. ഈ അടുത്തകാലത്ത് ഓസ്ട്രേലിയയിലെ മിച്ചല്‍ സ്റ്റാര്‍ക്കും അതിനടുത്ത വേഗത കൈവരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

ഒരു പക്ഷെ വേഗതയുടെ സുവര്‍ണ്ണകാലം എഴുപതുകളും എണ്‍പതുകളുമായിരുന്നു. അക്കാലത്തെ വേഗതയുടെ ചക്രവര്‍ത്തിയായിരുന്നു ഓസ്ട്രേലിയയിലെ ജെഫ് തോംസണ്‍. തോംസണിന്റെ വേഗത രണ്ടു തവണ മാത്രമേ അളന്നിട്ടുളളൂ. അതിലൊന്നില്‍ അദ്ദേഹം 160 കിലോമീറ്റര്‍ വേഗതക്ക് മുകളില്‍ പന്തെറിഞ്ഞു. ആ ദിവസം എറിഞ്ഞതിനേക്കാള്‍ കൂടുതല്‍ വേഗതയില്‍ തോംസണ്‍ പന്തെറിഞ്ഞിട്ടുണ്ടെന്ന് അക്കാലത്തെ മഹാന്മാരായ ബാറ്റസ്മാന്‍മാര്‍ എല്ലാവരും ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നു.അതിനാല്‍ തനെ തോംസണെ എക്കാലത്തെയും വേഗതയേറിയ ഫാസ്റ്റ് ബൗളര്‍ ആയി കണക്കാക്കുന്നത് തന്നെയാണ് യുക്തിക്ക് നിരക്കുന്നത്.

എഴുപതുകളിലാണ് ഡെന്നിസ് ലില്ലിയോടൊപ്പം തോംസണ്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്നത്.വിശ്രുതമായ വെസ്റ്റ് ഇന്ത്യന്‍ പേസ് ക്വാര്‍ട്ടര്‍ നിലവില്‍ വരുന്നതിനും ഏതാനും വര്‍ഷം മുന്‍പായിരുന്നു അവരുടെ അരങ്ങേറ്റം. ഡെന്നിസ് ലില്ലി എല്ലാ ആയുധങ്ങളും കൈയിലുള്ള ഫാസ്റ്റ് ബൗളര്‍ ആയിരുന്നപ്പോള്‍ തോംസണിന്റെ ഒരേ ഒരായുധം അന്നേവരെ കണ്ടിട്ടില്ലാത്ത വേഗത മാത്രമായിരുന്നു. എഴുപതുകളില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ വേഗത ശാസ്ത്രീയമായി അളക്കാന്‍ രണ്ടുതവണ ശ്രമങ്ങള്‍ നടന്നിരുന്നു അവയില്‍ രണ്ടിലും വിജയിച്ചത് തോംസണ്‍ തന്നെ. അവയില്‍ ഒന്നിലാണ് അദ്ദേഹം 160 കിലോമീറ്റര്‍ വേഗതക്ക് മുകളില്‍ പന്തെറിഞ്ഞത്. ആദ്യമത്സരത്തില്‍ രണ്ടാം സ്ഥാനം ആന്‍ഡി റോബര്‍ട്‌സിനും രണ്ടാം മത്സരത്തില്‍ മൈക്കല്‍ ഹോള്‍ഡിങ്ങിനുമായിരുന്നു. രണ്ടു മത്സരങ്ങളിലും തോംസണ്‍ തന്റേതായ ഒരു നിലവാരത്തിലും മറ്റുള്ളവര്‍ ഒന്നിനൊന്നു മെച്ചമായ മറ്റൊരു തലത്തിലും ആയിരുന്നു.

ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം എറിഞ്ഞ ചില പന്തുകള്‍ വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ 6 ബെകള്‍ക്ക് പറന്ന ചരിത്രവുമുണ്ട്. ഇപ്പോഴും യുട്യൂബില്‍ നിലനില്‍ക്കുന്ന പഴയ വീഡിയോകള്‍ കണ്ടാല്‍ തോംസണിന്റെ വേഗതയുടെ ഒരൂഹം കിട്ടും. തോംസണിന്റെ വേഗത അദ്ദേഹത്തിന്റെ പ്രസിദ്ധമായ സ്ലിങ്‌ഷോട് ആക്ഷനിലൂടെയാണ് ലഭിച്ചിരുന്നത്. അദ്ദേഹത്തിന് ശേഷം പലരും സമാനമായ ആക്ഷനിലൂടെ അതിവേഗത ആര്‍ജിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. ശ്രീലങ്കയിലെ മലിംഗയും ഓസ്ട്രേലിയയിലെ ടൈറ്റുമാണ് കുറെയെങ്കിലും വിജയം വരിച്ചത്.