ജോക്കര്‍ പരാമര്‍ശം: മാപ്പു പറഞ്ഞ് മാണി.സി.കാപ്പന്‍

0
77

കോട്ടയം: എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെതിരായ ജോക്കര്‍ പരാമര്‍ശത്തിലടക്കം പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ മാണി.സി.കാപ്പന്‍ മാപ്പു പറഞ്ഞു. ഉഴവൂരിനെതിരായ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞ കാപ്പന്‍ നിലവിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ ഏകാധിപതിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.

ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മാണി സി. കാപ്പന്‍ തുറന്നടിച്ചത്. ഇപ്പോഴത്തെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്‍പര്യം മാത്രം നോക്കിയാണ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ നയിച്ചതെന്നും ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായെന്നും മാണി.സി.കാപ്പന്‍ കുറ്റപ്പെടുത്തിരുന്നു.

കാപ്പന്റെ പരാമര്‍ശത്തിനെതിരെ എന്‍സിപി നേതൃത്വവും രംഗത്തുവന്നിരുന്നു. കാപ്പന്റെ വാക്കുകള്‍ അനവസരത്തിലും അനാവശ്യവുമാണെന്ന് സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രനും ഉഴവൂരിനെതിരായ പരാമര്‍ശം മോശമായിപ്പോയെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനും അഭിപ്രായപ്പെട്ടിരുന്നു.