ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ക്ക്‌ സുഖചികിത്സ

0
48

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ചട്ടങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖചികിത്സ. കണ്ണൂര്‍ ആയുര്‍വ്വേദ ആശുപത്രിയിലാണ് കൊടും കുറ്റവാളികള്‍ക്ക് ചികിത്സയ്ക്കായുള്ള സൗകര്യം ഒരുക്കിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന കെ.സി.രാമചന്ദ്രനും, ടി.കെ രജീഷുമാണ് ചികിത്സ തേടിയത്. ഒക്‌ടോബര്‍ 11 മുതല്‍ നവംബര്‍ 25 വരെ 45 ദിവസമാണ് രജീഷ് ചികിത്സയില്‍ കഴിഞ്ഞത്.

കതിരൂര്‍ മനോജ് വധക്കേസ് പ്രതികളും ചികിത്സ നടത്തിയവരില്‍ ഉള്‍പ്പെടുന്നു. ഒക്‌ടോബര്‍- ഡിസംബര്‍ വരെ മൂന്നുമാസക്കാലത്തായിരുന്നു ചികിത്സ. ചികിത്സയ്ക്കിടയില്‍ പ്രതികളില്‍ ചിലര്‍ നാട്ടില്‍ പോയതായും സൂചനയുണ്ട്.

ഇതില്‍ ടിപി കേസിലെ പ്രതിയും മുന്‍ സിപിഎം നേതാവുമായ കെ.സി രാമചന്ദ്രന്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. സിനിലും ചികിത്സ തുടരുന്നുണ്ട്. ആശുപത്രിയിലെ 211ാം
നമ്പര്‍ മുറിയിലാണ് രാമചന്ദ്രന്‍ കഴിയുന്നത്. പ്രതികള്‍ക്ക് ചികിത്സ ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണം എന്നാണ് ചട്ടം.

ഇതെല്ലാം മറികടന്നായിരുന്നു സുഖചികിത്സ. കെ.സി രാമചന്ദ്രന്റെ മുറിയില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാം. തൃശൂരിലെ സുരേഷ് ബാബു കൊലക്കേസ് പ്രതി ബാലാജിയും ഇവിടെ ചികിത്സ നടത്തി. 29 ദിവസമാണ് ബാലാജി ചികിത്സ നടത്തിയത്.

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി പ്രഭാകരന്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 13 വരെയാണ് ചികിത്സ നടത്തിയത്. ടി. പി കേസ് പ്രതികള്‍ക്ക് മാനദണ്ഡം ലംഘിച്ച് പരോള്‍ അനുവദിച്ച വിവാദത്തിന് പിന്നാലെയാണ് സുഖചികിത്സയുടെ വിവരങ്ങളും പുറത്തുവരുന്നത്.

സുഖചികിത്സ തേടിയവരുടെ പട്ടികയില്‍ കതിരൂര്‍ മനോജ് വധക്കേസ് പ്രതികളായ ജിജേഷും റിജുവും സിനിലും ഉള്‍പ്പെടുന്നു. റിജു ഡിസംബര്‍ 25 മുതല്‍ ജനുവരി 12 വരെയും ബാലാജി നവംബര്‍ ഒമ്പത് മുതല്‍ 29 ദിവസവും ചികിത്സയില്‍ കഴിഞ്ഞു. പ്രതികളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചികിത്സ നടത്താമെങ്കിലും രോഗം മറയാക്കി സുഖചികിത്സയാണ് നടന്നതെന്നാണ് ഉയരുന്ന ആരോപണം.ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ചികിത്സ എന്നാണ് ആശുപത്രി രേഖയിലുള്ളത്.