തിരുപ്പതി മോഡല്‍ ശബരിമലയിലേക്കും; ഉപദേശക സമിതി ഉടന്‍ തിരുപ്പതി സന്ദര്‍ശിക്കുമെന്നു കടകംപള്ളി സുരേന്ദ്രന്‍

0
62

തിരുവനന്തപുരം: തിരുപ്പതി മോഡല്‍ ശബരിമലയില്‍ നടപ്പിലാക്കാന്‍ ഉപദേശക സമിതി രൂപീകരിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ എന്തൊക്കെ ശബരിമലയില്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് ഈ സമിതി പരിശോധിക്കും.

നടപ്പിലാക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ സമിതി നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കും. തിരുപ്പതി മോഡല്‍ പഠിക്കുന്നതിനു ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എല്ലാവിധ സൗകര്യങ്ങളും സമിതിയ്ക്ക്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്തു തന്നെ സമിതി തിരുപ്പതിയിലേയ്ക്ക്‌ പോകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

കാനനക്ഷേത്രമാണ് ശബരിമല. അതുകൊണ്ട് തന്നെ പരിമിതികള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ മാത്രമാകും ശബരിമലയില്‍ നടപ്പിലാക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ശബരിമല ഉന്നതാധികാരി സമിതിയുമായി ആലോചിച്ച് മാത്രമേ ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണരൂപത്തില്‍ നടപ്പിലാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക്‌ എന്തൊക്കെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നതാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചര്‍ച്ച ചെയ്യുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ശബരിമലയില്‍ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മിച്ചിട്ടുണ്ട്.

നിലയ്ക്കലില്‍ വിപുലമായ പാര്‍ക്കിംഗ് ഗ്രൗണ്ട്‌, ശരംകുത്തിയുടെ ഒരു വശത്ത് ക്യൂ കോംപ്ലക്സുകള്‍, നിലയ്ക്കലില്‍ ടോയ്‌ലെറ്റ്‌ കോംപ്ലക്സ്, അയ്യപ്പന്മാര്‍ക്ക് വിരിവയ്ക്കാനുള്ള വലിയ പന്തല്‍, ശബരിമല-മരക്കൂട്ടം അണ്ടര്‍ പാസ്, ശബരിമലയിലും നിലയ്ക്കലിലും നാല് ഗ്രൗണ്ട്‌ ലെവല്‍ വാട്ടര്‍ ടാങ്കുകള്‍ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.