ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം: എസ്എന്‍ഡിപി അടക്കമുള്ള സംഘടനകള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: കടകംപള്ളി സുരേന്ദ്രന്‍

0
50

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍  നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിന്‍റെ പേരില്‍  എസ്എന്‍ഡിപി അടക്കമുള്ള സംഘടനകള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംവരണ സമുദായങ്ങളെ വഞ്ചിക്കാനുള്ള ഒരു ശ്രമം ഇതിനു പിന്നിലുണ്ട്. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയില്ലെന്നും സംവരണം നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക സംവരണം സര്‍ക്കാരിന്റെ  സദുദ്ദേശ്യപരമായ തീരുമാനമാണ്. സംവരണ സമുദായങ്ങള്‍ക്ക് ക്ഷീണം സംഭവിക്കുന്ന ഒന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഓപ്പണ്‍ ക്വാട്ടയില്‍ നിന്നും നിശ്ചിത ശതമാനമെടുത്ത് സംവരണ തോത് ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒബിസിയ്ക്കുള്ള  സംവരണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം യഥാക്രമം പത്തും 12ഉം ശതമാനമാക്കിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടനയ്ക്ക്  അകത്തു നിന്നുള്ള സംവരണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. മുന്നോക്ക സമുദായക്കാരെ സഹായിക്കേണ്ടതുണ്ട്. ഇത് ഇടതുമുന്നണി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ കാര്യമാണ്.

അമ്പത് ശതമാനം എന്ന നിലവിലെ സംവരണത്തോത് വ്യത്യാസപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സംവരണം ഭരണഘടനാ വിരുദ്ധമല്ല. ഈ കാര്യത്തില്‍ നിയമ സെക്രട്ടറി നല്‍കിയ ഉപദേശം സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണ കാര്യത്തില്‍ നിയമ സെക്രട്ടറി നല്‍കിയ ഉപദേശം സദുദ്ദേശ്യപരമാണെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡില്‍ ഈഴവ സമുദായത്തിലുള്ളവര്‍ക്ക് സംവരണം കൂടുതലാണ് ലഭിക്കുന്നത്. നിലവിലെ സംവരണ ആനുകൂല്യങ്ങള്‍ എടുത്തുകളയാന്‍ സംഘടനകള്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കരുതെന്നും മന്ത്രി പറഞ്ഞു.