പാകിസ്ഥാനെതിരായ അതിക്രമങ്ങള്‍ ഇന്ത്യ ലഘൂകരിച്ച് കാട്ടുന്നതായി പാക് പ്രതിരോധ മന്ത്രി

0
52

ഇസ്ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തുന്ന അതിക്രമങ്ങളെ യുഎസ് ലഘൂകരിച്ചു കാട്ടുന്നുവെന്ന് പാക്ക് പ്രതിരോധമന്ത്രി ഖുറം ദസ്താഗിര്‍ ഖാന്‍. പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റം വരുത്തണമെന്നും ബോധ്യപ്പെടുത്താന്‍ യുഎസ് ശ്രമിക്കുന്നെന്നും ഖുറം ദസ്താഗിര്‍ ഖാന്‍ പറഞ്ഞു. യുഎസുമായുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞുതീര്‍ക്കുന്നതിനും തെറ്റിദ്ധാരണകള്‍ നീക്കാനും ഒരുമിച്ചിരുന്നുള്ള ചര്‍ച്ച അത്യാവശ്യമാണെന്നും പാക്ക് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ വിദേശനയത്തിലെ വ്യതിയാനങ്ങളും രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികളും സംബന്ധിച്ച് പാക്ക് ദേശീയ അസംബ്ലിയില്‍ പ്രസ്താവന നടത്തുമ്പോഴായിരുന്നു അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ യുഎസ് ലഘൂകരിക്കുന്നെന്ന് മന്ത്രി പറഞ്ഞത്. അസംബ്ലിയില്‍ നടത്തിയ പ്രസ്താവന തിങ്കളാഴ്ച പാക്ക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിശദാംശങ്ങള്‍ പുറത്തായത്.

ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിലെ കാഴ്ചപ്പാടുകളാണ് പാക്കിസ്ഥാനും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ ദിശ നിര്‍ണയിക്കുന്ന പ്രധാന ഘടകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായ വ്യത്യാസങ്ങളുള്ള സകല വിഷയങ്ങളും മുന്‍നിര്‍ത്തി
യുഎസുമായി ഏറ്റവും സത്യസന്ധമായ ചര്‍ച്ച നടത്തേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ പാക്കിസ്ഥാനെ സംബന്ധിച്ച് ഒരു ഭീഷണിയേ അല്ല എന്ന് ബോധ്യപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നയം മാറ്റാനും അവര്‍ നമ്മെ നിര്‍ബന്ധിക്കുന്നു. എന്നാല്‍, എക്കാലവും നമ്മളോടുള്ള ഇന്ത്യയുടെ നയം ശത്രുതാപരമാണ് എന്നതാണ് വസ്തുത – ഖുറം ഖാന്‍പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് പാകിസ്ഥാനെ അസ്ഥിരമാക്കാനാണ് ശ്രമമെന്ന അദ്ദേഹം ആരോപിച്ചു. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ സൈന്യത്തെയും ആയുധങ്ങളും ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനില്‍ യുഎസിന് വിജയിക്കാനാകാതെ പോയതിന്റെ പേരില്‍ ബലിയാടാക്കപ്പെട്ട രാജ്യമാണ് പാകിസ്ഥാനെന്നും പ്രതിരോധമന്ത്രി പറഞ്ഞു.