പാക് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് ലൈക്ക് ചെയ്ത ശശി തരൂരിനെതിരെ ബിജെപി

0
46

ന്യൂഡല്‍ഹി: ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ടുള്ള പാക് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് ലൈക്ക് ചെയ്ത കോണ്‍ഗ്രസ്സ് എം.പി.ശശി തരൂരിനെതിരെ ബിജെപി. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി ഖ്വാജ എം. ആസിഫ് ഇട്ട ട്വീറ്റ് തരൂര്‍ ലൈക്ക് ചെയ്തതാണു വിവാദത്തിനു വഴിവെച്ചത്. തരൂരിന്റേത് നാണംകെട്ട പ്രവര്‍ത്തിയാണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. എന്നാല്‍, മാളവ്യയുടെ ട്വീറ്റില്‍ ആസിഫിനെ മുന്‍ വിദേശകാര്യമന്ത്രിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഒരു കമന്റില്‍ നിലവിലെ വിദേശകാര്യമന്ത്രിയാണ് ആസിഫ് എന്നും മാളവ്യ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ട്വീറ്റ് ലൈക്ക് ചെയ്താല്‍ ആ ട്വീറ്റുകള്‍ പിന്നീടു വീണ്ടും സന്ദര്‍ശിക്കുന്നതിനുള്ള ‘ബുക്ക്മാര്‍ക്ക്’ ആയി രേഖപ്പെടുത്തുന്നതിനായാണു താന്‍ ഉപയോഗിക്കുന്നതെന്നു തരൂരും വ്യക്തമാക്കി. ഇരുവരും ട്വിറ്ററിലൂടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചത്. മാത്രമല്ല, ആസിഫിന്റെ ട്വീറ്റ് അപഹാസ്യവും വിദേശകാര്യമന്ത്രിയില്‍ നിന്നു വരാന്‍ പാടില്ലാത്തതാണെന്നും ഞായറാഴ്ച തരൂര്‍ ട്വിറ്ററിലൂടെതന്നെ വ്യക്തമാക്കിയിരുന്നു.