പുലിമുരുകനോ മാസ്റ്റർപീസോ അല്ല മലയാള സിനിമ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈട

0
158

പി കെ ഗണേശന്‍

കൊല്ലാനും കൊല്ലപ്പെടാനും മാത്രം അറിയാവുന്ന ചാവേറുകളുടെ രാഷ്ട്രീയ ഭൂപടമാണ് കണ്ണൂർ. കൊല്ലുന്നവനറിയില്ല ആരെയാണ്, എന്തിനാണ് കൊല്ലുന്നത് എന്ന്. കൊല്ലപ്പെടുന്നവനും അറിയില്ല വെട്ടേറ്റു ഛിന്നഭിന്നമാക്കപ്പെടുമ്പോഴും എന്തിനെന്ന്. ആ ദുരവസ്ഥ കേരളത്തിന്റെ മൊത്തം നിലവിളിയായി പടരുന്ന കാലത്താണ് ‘ഈട’ എന്ന ചലച്ചിത്രം പ്രസക്തമായി വരുന്നത്.

കൊന്നും ചത്തും അറപ്പുതീരാത്ത മരണത്തിന്റെ, രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം എന്ന ദുഷ്പേര് ലഭിച്ച ഒരു നാടിന്റെ സത്യസന്ധമായ നിലവിളിയാണ് അജിത്ത്കുമാറിന്റെ ‘ഈട’ എന്ന ചലച്ചിത്രം. ആ നാടിന്റെ ഓരോ ഇടവഴിയിലും മരണം ഒളിച്ചിരിപ്പുണ്ട്. മരണം ഒരു വടിവാളിൻറെയോ, വെട്ടുമഴുവിൻറെയോ, നാടൻ ബോംബിൻറെയോ രൂപത്തിൽ ആരുടെയൊക്കെയോ പിന്നാലെ കിതച്ചോടുന്നുണ്ട്. ഏതു സമയവും ചാടിവീഴാം ഇരയുടെ മേൽ. ആരെയും വീഴ്ത്താവുന്ന, വെളിച്ചം കയറാത്ത നിഗൂഢത മാത്രം ഒളിപ്പിച്ചുവെച്ച
ഉള്ളറകളുള്ള, ജീവൻ കൈയിൽ പിടിച്ചോടുന്ന, എപ്പോൾ വേണമെങ്കിലും കാലിടറിയേക്കാവുന്ന ഇടവഴികളിലൂടെ നാം അറിയാതെ ബോംബിനു മുന്നിൽ, വടിവാളിനു മുന്നിൽ അകപെട്ടെന്ന പോലെ കഴുത്ത് വെച്ചുപോവുന്ന നിസ്സഹായത സിനിമയിൽ അനുഭവിക്കുന്നു.

രക്തം കൊണ്ടു മാത്രം പരസ്പരം കണക്ക് തീർക്കുന്നവർ, ആ രാഷ്ട്രീയ ഭൂമികയിൽ ഉപാധികളില്ലാത്ത നേർകാഴ്ചകളുടെ വിഭ്രമം തീർക്കുകയാണ് ഈട. ഒരു വളച്ചുകെട്ടുമില്ലാതെ ക്യാമറയാൽ ഒപ്പുന്നത് തത്സമയം സംവിധാനിച്ച ഒരു മികച്ച എഡിറ്ററുടെ ലോജിക് സിനിമയെ കലാപരമായി സമ്പുഷ്ടമാക്കുന്നു. ഒറ്റ ഷോട്ടും വെറുതെയായില്ല. ഓരോ ഷോട്ടിലും സിനിമ കൂടുതൽ കരുത്താർജിച്ചു.

പുലിമുരുകനോ മാസ്റ്റർപീസോ അല്ല മലയാള സിനിമ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈടയിൽ, തിരശീലയിൽ നാം അത്രമാത്രം ശീലിച്ചിട്ടില്ലാത്ത മറ്റൊരു സ്ത്രീ ഐശ്വര്യയിലൂടെ കടന്നു വരുന്നു. സ്വന്തം പ്രണയിതാവിൻറെ ജീവൻ രക്ഷിക്കാൻ ഒരു പെൺകുട്ടി സ്വന്തം കഴുത്ത് മറ്റൊരാളുടെ മുന്നിൽ നീട്ടുന്നു, പ്രണയിതാവിൻറെ ജീവനു പകരം സ്വന്തം ശിരസ് എടുത്തോ എന്ന യാചനയോടെ. കഴുത്തിൽ വീണ ആ മാല ആ പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളുടെ കഴുത്തിൽ വീണ വടിവാളു പോലെ, വെട്ടുമഴു പോലെ, ബോംബ് പോലെ എന്തോ ഒന്ന്. അങ്ങനെ കഴുത്തു നീട്ടുന്നതിലൂടെ തൻറെ ജീവിതം ഇതാ ബലി നൽകുന്നു എന്ന നിലവിളിയോടെ തന്നെ ഉറച്ച ശബ്ദത്തിൽ അവൾ ആദ്യ രാത്രിയിൽ ഭർത്താവ് എന്ന പുരുഷാധികാരത്തെ ഇങ്ങനെ വെല്ലുവിളിക്കുന്നു, വിവാഹത്തിനാണ് ഞാൻ സമ്മതിച്ചത്, കൂടെ കിടക്കാൻ സമ്മതിച്ചിട്ടില്ല എന്ന്.

മായാനദിയിലെ അപർണയുടെ മറ്റൊരു വെർഷനാണ് ഈ സ്ത്രീ. sex is not a promise. സെക്സ് അതായത് എന്റെ ശരീരം എന്നാൽ ഞാൻ നിനക്കു വെച്ചുനീട്ടുന്ന എന്റെ ജീവിതം അല്ലെന്ന്. എൻറെ ജീവിതം വേറെ എന്റെ ശരീരം വേറെ. sex is not a promise. ഞാൻ തീരുമാനിക്കും എപ്പോൾ കൂടെ കിടക്കണമെന്ന്, താനിഷ്ടപെടുന്ന, തന്നെ പ്രണയിക്കുന്ന മാത്തനല്ല അത് തീരുമാനിക്കുന്നത് എന്ന്.

ആദ്യരാത്രിയിൽ ഒരിലപൊതിയുമായി താൻ പ്രണയിക്കുന്ന ആനന്ദിനെ തേടി അവൻ ഒളിച്ചു പാർക്കുന്നതായി കേട്ടറിഞ്ഞ ഇടം തേടി മരണം കാവൽ നിൽക്കുന്ന വടിവാളിൻറെ ബോംബിന്റെ, വെട്ടുമഴുവിൻറെ ഏറ്റുവാങ്ങലുകൾ മാത്രം പരിചിതമായ ഇടവഴികളിലൂടെ ഇരുട്ടിൽ ഒറ്റക്ക്. ഇരുട്ടിൽ ആ കണ്ണുകൾ സംഗമിക്കുന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അങ്ങനെ ഈട നമ്മുടെ കൈ പിടിക്കുന്നു.

അവൾ അവൻറെ കൈപിടിച്ച് ഇടറാതെ പകൽവെളിച്ചത്തിൽ തലേന്ന് നടന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് ആചരിക്കുന്ന ബന്ദ് ദിനത്തില്‍ വിജനമായ ആ തെരുവിലൂടെ. അങ്ങനെ മരണത്തിന്റെ ഗന്ധമുള്ള വഴിയിലൂടെ കണ്ണൂരിന്റെ സ്വന്തം റോമിയോയും ജൂലിയറ്റും നടക്കുന്നു. ഇങ്ങനെയാണ് മറ്റൊരു കൃതിയെ അഡാപ്റ്റു ചെയ്യേണ്ടത്. പ്രണയം പാലമാവുന്നു. യുദ്ധകാലത്ത് പ്രണയം മറ്റൊരു സാധ്യതയിലേക്ക് ചൂണ്ടുവിരലാകുന്നു.