പോയവര്‍ഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനം ഉപയോഗിച്ച് 24,62,470 യാത്രക്കാര്‍

0
50

ദോഹ: കഴിഞ്ഞ വര്‍ഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയത് 24,62,470 യാത്രക്കാര്‍. ഇതില്‍ 12,80,564 പേര്‍ രാജ്യത്തേക്കെത്തിയവരും 11,81,906 പേര്‍ പുറത്തേക്കുപോയവരുമാണ്. ഇ-ഗേറ്റ് സംവിധാനം ആരംഭിച്ച 2016ല്‍ 14.1 ലക്ഷം യാത്രക്കാരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്.

സ്വദേശികളെന്നോ, പ്രവാസികളെന്നോ വ്യത്യാസമില്ലാതെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇ-ഗേറ്റ് സംവിധാനം തികച്ചും സൗജന്യമായി ഉപയോഗിക്കാമെന്ന് എയര്‍പോര്‍ട് പാസ്‌പോര്‍ട്സ് വിഭാഗം മേധാവി മേജര്‍ ഖാലിദ് മുഹമ്മദ് അല്‍ മുല്ല പറഞ്ഞു. ദീര്‍ഘനേരം വരിയില്‍ കാത്തുനില്‍ക്കുന്നത് ഇതിലൂടെ ഒഴിവാക്കാം. ആഗമന വിഭാഗത്തില്‍ 19, പുറപ്പെടല്‍ വിഭാഗത്തില്‍ 21 ഉള്‍പ്പെടെ 40 ഇ-ഗേറ്റുകളാണ് ഉള്ളത്.

യാത്രാരേഖകളും യാത്രക്കാരുടെ വിരലടയാളം, കൃഷ്ണമണി എന്നിവയുള്‍പ്പെടെയുള്ള ബയോമെട്രിക് തിരിച്ചറിയല്‍ വിവരങ്ങളും പരിശോധിച്ചു മനസ്സിലാക്കാന്‍ ഇ-ഗേറ്റ് സംവിധാനത്തിനാകും.