പ്രകാശ് രാജ് പങ്കെടുത്ത വേദിയില്‍ ഗോമൂത്രം തളിച്ച്‌ യുവമോര്‍ച്ച

0
76

ബംഗ്ലൂരു: നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ഗോമൂത്രം തളിച്ച്‌ ശുദ്ധീകരിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. നടന്‍ പ്രകാശ് രാജ് തന്നെയാണ് താന്‍ പോയതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വേദിയില്‍ ഗോമൂത്രം തെളിച്ച കാര്യം സമൂഹമാധ്യമങ്ങളിലുടെ പുറം ലോകത്തെ അറിയിച്ചത്.

മകരസംക്രാന്തി ദിനത്തില്‍ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ പരിപാടി. ബുദ്ധിജീവികളെന്ന് നടിക്കുന്ന ഇത്തരം ആളുകള്‍ തങ്ങളുടെ വിശുദ്ധ സ്ഥലം അശുദ്ധിയാക്കിയെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രവൃത്തി.

കര്‍ണാടക സിര്‍സിയിലെ രാഘവേന്ദ്രമഠില്‍ ഇടതുപക്ഷ ആഭിമുഖ്യമുളളവര്‍ സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയാണ് സംഭവം. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന പ്രകാശ് രാജ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയെയും ഉത്തര കനഡ എംപിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വേദിയില്‍ ഗോമൂത്രം തളിച്ചതെന്ന പ്രകാശ് രാജ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു