പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ട പങ്കാളിയെ തെരഞ്ഞെടുക്കാം; ദുരഭിമാന കൊലകള്‍ക്കെതിരെ സുപ്രീം കോടതി

0
54

ന്യൂഡല്‍ഹി: മിശ്രവിവാഹിതരെ ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് ഇഷ്ട പങ്കാളിയെ തിരഞ്ഞെടുക്കാമെന്നും മിശ്രവിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവര്‍ക്ക് വിവാഹം കഴിക്കാന്‍ യാതൊരു തടസ്സവുമില്ലെന്നും കോടതി പറഞ്ഞു. ദുരഭിമാനത്തെ തുടര്‍ന്ന് മിശ്ര വിവാഹിതരെ വിളിച്ചുവരുത്താനോ എതിര്‍ നടപടികള്‍ സ്വീകരിക്കാനോ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ വിവാഹിതരായാല്‍ എതിര്‍ക്കാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ അധികാരമില്ലെന്നും ദുരഭിമാനക്കൊലയടക്കമുള്ള കേസുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും, കേന്ദ്രം നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ കോടതിക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ദുരഭിമാനകൊലയ്‌ക്കെതിരെ സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.