ബി.എച്ച് ലോയ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി

0
40

ന്യൂഡല്‍ഹി: സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി. മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോയ കേസുമായി ബന്ധപ്പെട്ട ഉത്തരവിലും അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. താരതമ്യേന ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചിന് ലോയ കേസ് നല്‍കിയതുമായി ബന്ധപ്പെട്ട് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് അരുണ്‍ മിശ്ര പിന്‍മാറിയത്.

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചത്. ഇവരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ലോയ കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു.

അരുണ്‍ മിശ്രയും ജസ്റ്റിസ് മോഹന്‍ എം.ശാന്തനഗൗഡറും ഉള്‍പ്പെട്ട ബെഞ്ചാണ് ഇതുവരെ ലോയ കേസ് പരിഗണിച്ചിരുന്നത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ അരുണ്‍ മിശ്ര പത്താമതും ശാന്തന ഗൗഡര്‍ ഇരുപത്തിരണ്ടാമതുമാണ്. സുപ്രധാനമോ പൊതുതാല്‍പര്യമുള്ളതോ ആയ കേസുകള്‍ ചീഫ് ജസ്റ്റിസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കാത്തതിന് ഒടുവിലത്തെ ഉദാഹരണമായി നാലു ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയതു ലോയ കേസാണ്‌.