ബോര്‍ഡിങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നു

0
46

പനാജി: ബോര്‍ഡിങ് പാസ്സെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നു. ഗോവ വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ അറിയിക്കാതെ പുറപ്പെടേണ്ട സമയത്തിന് 25 മിനിറ്റ് മുമ്പാണ് വിമാനം ടേക് ഓഫ് ചെയ്തത്. എന്നാല്‍ അവസരം നഷ്ടപ്പെട്ട യാത്രക്കാര്‍ക്ക് സൗജന്യമായി തൊട്ടടുത്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കിയെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

തിങ്കളാഴ്ച്ചയാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ 6E 259 ഇന്‍ഡിഗോ ഫ്ളൈറ്റ് 10.50 ന് ആയിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ 10.25 ന് ഫ്ളൈറ്റ് ടേക് ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ പുറപ്പെടുന്നതിന് മുമ്പ് നിരവധി തവണ അനൗണ്‍സ്മെന്റ് നടത്തിയെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് വിമാനം പുറപ്പെട്ടതെന്നായിരുന്നു അധികൃതരുടെ വാദം. യാത്രക്കാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ട്രാവല്‍ ഏജന്റാണ് ഫോണ്‍ എടുത്തതെന്നും അധികൃതര്‍ പറയുന്നു.

സംഭവത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു പിഴവും ഉണ്ടായിട്ടില്ലെങ്കിലും അടുത്ത വിമാനത്തില്‍ സൗജന്യമായി ഇവര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കിയതായും അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ വിമാനത്തില്‍ ലഗ്ഗേജ് കയറ്റിയശേഷം യാത്രക്കാരെ കയറ്റാതെ പോകുന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.