മെഡിക്കല്‍ കോഴ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ കത്ത് നല്‍കി

0
63


ന്യൂഡല്‍ഹി: ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കത്ത് നല്‍കി. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്, എ.കെ.സിക്രി എന്നിവര്‍ക്കാണ് അദ്ദേഹം കത്ത് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട നൂറോളം പേജുകളുള്ള രേഖകളും ഇതോടൊപ്പം പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് നല്‍കിയതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ലഖ്നൗവിലെ മെഡിക്കല്‍ കോളജിന് 2017-18 വര്‍ഷം പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുന്നതിനായി ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്ന സിബിഐ കേസിലെ രേഖകളാണ് പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് കൈമാറിയിരിക്കുന്നത്.

കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഒറീസ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം.ഖുദ്ദൂസി, ഇടനിലക്കാരന്‍ വിശ്വനാഥ് അഗര്‍വാള്‍, പ്രദാസ് എജ്യുക്കേഷന്‍ ട്രസ്റ്റിലെ പ്രതിനിധി വി.പി.യാദവ് എന്നിവര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശവും പ്രശാന്ത് ഭുഷണ്‍ ജഡ്ജിമാര്‍ക്ക് അയച്ച രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് നല്‍കിയിരിക്കുന്ന രേഖകള്‍ അംഗീകരിക്കാനോ തള്ളാനോ കഴിയില്ലെന്നായിരുന്നു സിബിഐയുടെ പ്രതികരണം.