റഫറിമാരെ നേരെയാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം: രൂക്ഷ വിമര്‍ശനവുമായി കോപ്പല്‍

0
46

ജംഷഡ്പൂര്‍: ഇങ്ങനെ തുടരാനാണ് ഭാവമെങ്കില്‍ ഐഎസ്‌എല്ലിന്റെ നിലവാരം തകര്‍ന്നടിയുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ മുന്‍ കോച്ചും ജംഷഡ്പൂര്‍ എഫ്സ് പരിശീലകനുമായി സ്റ്റീവ് കോപ്പല്‍. ഐഎസ്‌എല്‍ റഫറിയിങാണ് കോപ്പലിനെ ചൊടിപ്പിച്ചത്. നിലവാരം കുറഞ്ഞതും മോശവുമായ റഫറിയിങ് ആയിരുന്നു ഇത്തവണത്തേത് എന്ന് കോപ്പല്‍ വിമര്‍ശിക്കുന്നു.

റഫറിമാരെ നേരെയാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നിലവാരം ഇടിയും. ഐഎസ്‌എല്‍ മത്സരങ്ങള്‍ ടിവിയിലൂടെ ലോകം കാണുന്ന സാഹചര്യത്തില്‍, വീഡിയോ സഹായത്തോടെയുള്ള റഫറിയിങ് വിപുലമാക്കി ഫുട്ബോളിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ വഴങ്ങേണ്ടി വന്ന രണ്ട് ഗോളുകളും റഫറിയുടെ
തെറ്റായ തീരുമാനം മൂലമാണെന്നാണ് കോപ്പല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഗോവ പെനാള്‍റ്റിയിലൂടെ നേടിയ ആദ്യ ഗോള്‍ ക്ലിയര്‍ ചലഞ്ച് ആയിരുന്നു എന്ന് പറഞ്ഞ കോപ്പല്‍ രണ്ടാം ഗോള്‍ ഓഫ് സൈഡായിരുന്നു എന്നും ആരോപിക്കുന്നു. റഫറിമാരെ കുറ്റം പറയുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആളാണ് താനെന്നും എന്നാല്‍ ഇത്തരം റഫറിയിംഗിനെ കുറിച്ച് പറയാതിരിക്കാനാവില്ലെന്നും കോപ്പല്‍ പറഞ്ഞു.