റെഡി ഗൊ 1.0 ലീറ്റർ എ എം ടി പ്രീ ബുക്കിങ് ആരംഭിച്ചു

0
61

‘റെഡി ഗൊ 1.0 ലീറ്ററി’നുള്ള പ്രീ ബുക്കിങ് നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ തുടക്കമിട്ടു. 10,000 രൂപ മുൻകൂർ നൽകി രാജ്യത്തെ നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ ‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’ ബുക്ക് ചെയ്യാൻ അവസരമുണ്ട്. ബുക്കിങ് നടത്തുന്നവർക്ക് ഈ മാസം അവസാനത്തോടെ കാറുകൾ കൈമാറാനാണു ഡാറ്റ്സൻ ലക്ഷ്യമിടുന്നത്.

ഉപയോക്താക്കളെ മനസ്സിൽ കണ്ടാണു കമ്പനിയുടെ തീരുമാനങ്ങളെല്ലാമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട് വ്യക്തമാക്കി.

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമാണ് റെഡി ഗൊ 1.0 ലീറ്റർ എ എം ടി’ എത്തുന്നത്. ഉപയോക്താക്കളുടെ വേറിട്ട ആവശ്യങ്ങൾ നിറവേറ്റാനായി കഴിഞ്ഞ 20 മാസത്തിനിടെ ‘റെഡി ഗൊ’യുടെ നാലു വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കിയത്. താങ്ങാവുന്ന വിലയ്ക്ക് അനായാസ നഗരയാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ‘റെഡി ഗൊ എ എം ടി’ അവതരിപ്പിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, കൂടുതൽ ഹെഡ് റൂം സ്ഥലം, ഉയർന്ന സീറ്റിങ്, ആകർഷക രൂപകൽപ്പന തുടങ്ങിയവയും ‘റെഡി ഗൊ എ എം ടി’യുടെ മികവുകളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

800 സി സി ‘റെഡി ഗൊ’യ്ക്കു പുറമെ ‘റെഡി ഗൊ സ്പോർട്’, ‘റെഡി ഗൊ 1.0 ലീറ്റർ’, ‘റെഡി ഗൊ ഗോൾഡ്’ തുടങ്ങിയവയാണ് വിപണിയിലുള്ളത്. 2016 ജൂണിലായിരുന്നു ‘റെഡി ഗൊ’യുടെ ഇന്ത്യൻ അരങ്ങേറ്റം.