ശബരിമല: ദുഷ്പ്രചാരണങ്ങള്‍ ഭക്തര്‍ തള്ളി, ഈ തീര്‍ത്ഥാടനകാലത്ത് 45 കോടിയോളം രൂപയുടെ അധിക വരുമാനം: കടകംപള്ളി സുരേന്ദ്രന്‍

0
58

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ദുഷ്പ്രചാരണങ്ങള്‍ ഭക്തര്‍ തള്ളിക്കളഞ്ഞതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത്‌
45 കോടിയോളം രൂപയുടെ അധിക വരുമാനമാണ് ദേവസ്വം ബോര്‍ഡിനു ലഭിച്ചത്.

കഴിഞ്ഞ സീസണില്‍ 210 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം 255 കോടിയോളമായി. ശബരിമലയില്‍ നിന്നും പ്രസാദം വാങ്ങരുതെന്നും കാണിക്ക ഇടരുതെന്നും അത് സര്‍ക്കാര്‍ കൈവശമാണ് പോകുന്നതെന്നും ബിജെപി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തി. ആ പ്രചാരണങ്ങള്‍ എല്ലാം പൊളിഞ്ഞെന്നു തെളിയിച്ച് ശബരിമല വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായി.

ശബരിമല വരുമാനം സര്‍ക്കാരല്ല എടുക്കുന്നതെന്ന് ഈ ആരോപണം ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നിട്ടും പൂര്‍വാധികം ശക്തമായി ശബരിമലയ്ക്കെതിരായ പ്രചാരണങ്ങള്‍ തുടര്‍ന്നു. പക്ഷെ അതൊന്നും ഫലിച്ചില്ലെന്ന് ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹവും നടവരവും തെളിയിക്കുന്നു.

ഓരോ തീര്‍ത്ഥാടനകാലത്തും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ശബരിമലയ്ക്ക് നീക്കിവെയ്ക്കുന്നു. ഈ തീര്‍ത്ഥാടന കാലത്ത് സര്‍ക്കാര്‍ ചിലവിട്ടത് 38 കോടി രൂപയാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് 32 കോടി രൂപയാണ് സര്‍ക്കാര്‍ മുടക്കിയത്.

കഴിഞ്ഞ തീര്‍ത്ഥാടന കാലത്തേക്കാള്‍ ആറു കോടി രൂപയാണ് ഇത്തവണത്തെ അധിക മുതല്‍ മുടക്ക്. അപ്പം-അരവണയ്ക്ക് ഒന്നും വലുതായ രീതിയില്‍ ഭക്തര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വന്നില്ല. ശബരിമല ഒരുക്കങ്ങളില്‍ വലിയ സംതൃപ്തിയാണ് ഇതര സംസ്ഥാനക്കാര്‍ അടക്കമുള്ള ഭക്തര്‍ പ്രകടിപ്പിച്ചത്. നേരിട്ട് തന്നെ ഒരുക്കങ്ങളിലും സംവിധാനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു.

മൂന്നു അവലോകന യോഗങ്ങളാണ് മുഖ്യമന്ത്രി നേരിട്ട് വിളിച്ചത്. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എല്ലാം ഇക്കുറി ശബരിമലയില്‍ ക്യാമ്പ് ചെയ്തു. പതിവില്‍ നിന്നും വിഭിന്നമായ കാര്യമാണിത്.

പരാതിരഹിത മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലമായിരുന്നു ഇക്കുറി ശബരിമലയില്‍ നടന്നത്. വനം-ദേവസ്വം-ആഭ്യന്തര വകുപ്പുകള്‍ പരസ്പര ധാരണയോടെ ഈ മണ്ഡലകാലത്ത് പ്രവര്‍ത്തിച്ചു. അതിന്റെ ഗുണം ഭക്തര്‍ക്ക് ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. അഞ്ച് ആശുപത്രികളാണ് ശബരിമലയില്‍ സജ്ജീകരിച്ചത്.
സര്‍വ സന്നാഹങ്ങളുമുള്ള ഒരു ആശുപത്രിയും സന്നിധാനത്ത് ഇക്കുറി ഭക്തര്‍ക്കായി തുറന്നു.

അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കുറി ശബരിമല ഡ്യൂട്ടിക്കായി എത്തി. അതുകൊണ്ട് തന്നെ ക്രമസമാധാന പ്രശ്നങ്ങളും ശബരിമലയിലുണ്ടായില്ല – മന്ത്രി പറഞ്ഞു.