സിപിഎം അടവുനയം പണത്തിനും അധികാരത്തിനും വേണ്ടി; പ്രത്യയ ശാസ്ത്രം തോറ്റു എന്ന് ഉറപ്പായതിനാല്‍ ആത്മീയതയിലേക്കും തിരിയുന്നു: എംജിഎസ്

0
110


എം.മനോജ്‌ കുമാര്‍ 
തിരുവനന്തപുരം: പ്രത്യയ ശാസ്ത്രം തോറ്റു എന്ന് ഉറപ്പായതിനാലാണ് സിപിഎം ആത്മീയതയിലേക്ക് തിരിയുന്നതെന്നു പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ 24 കേരളയോട് പറഞ്ഞു.
ക്ഷേത്രാനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നുമുള്ള സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എം.ജി.എസ്‌. അക്രമത്തിന്റെയും അഴിമതിയുടെയും വഴിയിലൂടെയാണ് നിലവില്‍ സിപിഎം സഞ്ചരിക്കുന്നത്.

ആത്മീയതയെ സിപിഎം പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു പരാജയ സമ്മതമായി അത് മാറുന്നു. സിപിഎം പ്രഖ്യാപിച്ചിരുന്ന നിലപാടുകളില്‍ നിന്ന് ഇപ്പോള്‍ വഴുതിമാറിയാണ് പാര്‍ട്ടി സഞ്ചരിക്കുന്നത്.

പണവും അധികാരവും സിപിഎമ്മിന് പ്രധാനമായി മാറിയിട്ടുണ്ട്. വംശാധിപത്യവും അഴിമതിയുമാണ് കോണ്‍ഗ്രസ് നശിക്കാനുള്ള പ്രധാന കാരണം. സിപിഎമ്മും നാശത്തിന്റെ വഴിയിലാണ്. പക്ഷെ കോണ്‍ഗ്രസിനെ അപേക്ഷിച്ച് വ്യത്യസ്ത കാരണങ്ങളാണ് സിപിഎം തകര്‍ച്ചയ്ക്ക് പിന്നിലുള്ളത്.

പഴയ ആദര്‍ശം ഒന്നും സിപിഎമ്മിനില്ല. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള അടവ് നയമാണ് സിപിഎം സ്വീകരിക്കുന്നത്. മനുഷ്യര്‍ക്ക് സമത്വം എന്നൊക്കെ മുമ്പ്‌ അവര്‍ പറഞ്ഞു. അത് മിഥ്യാധാരണയാണ് എന്ന് മനസിലായി. മനുഷ്യര്‍ പരസ്പരം മത്സരിക്കാന്‍ ജനിച്ചവരാണ്. മത്സരിച്ചാണ്‌ മനുഷ്യന്‍ ഉയര്‍ന്നു വന്നത്. ഇത് പാര്‍ട്ടി ഓര്‍ത്തില്ല. മനുഷ്യന്റെ രക്തത്തിലും പാരമ്പര്യത്തിലും ഉള്ളതാണ് മത്സരം. അതില്‍ നിന്ന് മുക്തമാകാന്‍ കഴിയുമെന്ന് സിപിഎം പ്രതീക്ഷിച്ചു.
മനുഷ്യര്‍ക്കിടയില്‍ സമത്വം എന്നത് സിപിഎമ്മിന്റെ സ്വപ്നമായിരുന്നു. റഷ്യയിലും ചൈനയിലും സമത്വം ഉണ്ട് എന്നൊക്കെ പറഞ്ഞു. അതെല്ലാം പരാജയപ്പെട്ടു. ചൈനയ്ക്കും റഷ്യയ്ക്കുമൊന്നും സോഷ്യലിസം, കമ്യൂണിസം എന്നൊക്കെ പറഞ്ഞുള്ള ഒരു ഉയിര്‍ത്തെഴുന്നേല്പിന് സാധ്യത കാണുന്നില്ല.

മതത്തിന്റെ ആത്മീയത എന്നൊക്കെ പറഞ്ഞാല്‍ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പൗരോഹിത്യവുമൊക്കെയാണ്. അതുകൊണ്ട് തന്നെ മതത്തിന് ആത്മീയത ഉണ്ടെന്നുള്ള വിശ്വാസം പോലും എനിക്കില്ല. മതത്തിന് ആത്മീയതയില്ല. ഭൗതികത മാത്രമേയുള്ളൂ.

മതത്തിന്റെ ആധിപത്യം തന്നെ പൊളിഞ്ഞു പോയിരിക്കുന്നു. ശാസ്ത്രം വന്നു, വ്യവസായവത്ക്കരണം വന്നു. മതത്തിന്റെ ചട്ടക്കൂട് ഇന്നു പൊതുവേ ദൃശ്യമല്ല. പിന്നെ ചട്ടക്കൂടുണ്ടെന്ന്‌ നടിക്കുന്നു എന്ന് മാത്രമേയുള്ളൂ. മുതലാളിത്തത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ആദ്യം മുതല്‍ നടന്നു വന്നത്. പക്ഷെ സോഷ്യലിസം തകരുകയും മുതലാളിത്തം ലോകം മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്തം ഫാക്ടറി മുതലാളിത്തമായിരുന്നു. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും കമ്പനികളുടെ മുതലാളിത്തമായി. ഇപ്പോഴത് കോര്‍പ്പറേറ്റ് മുതലാളിത്തമായി. മുതലാളിത്തം പുതിയ രൂപങ്ങളില്‍ ലോകം മുഴുവന്‍ പരക്കുകയാണ്. ഇത് സിപിഎം അറിയുന്നുണ്ട്.

കേരളത്തിലും അതിനനുസരിച്ചുള്ള മാറ്റമാണ് സിപിഎം വരുത്തുന്നത്. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്റെ പ്രസംഗം ആ രീതിയിലുള്ളതാണ്‌. അവര്‍ അനുരഞ്ജനത്തിന്റെ വഴിയെയാണ്. വോട്ട്‌
കിട്ടണം എന്നത് ഒരു പ്രധാന ചിന്തയായി മാറിയിട്ടുണ്ട്. സിപിഎമ്മും മറ്റു പാര്‍ട്ടികളും തമ്മില്‍ ഇപ്പോള്‍ വലിയ വ്യത്യാസം കാണുന്നില്ല. തത്വാധിഷ്ഠിതമായ അടിത്തറയാണ് സിപിഎമ്മിനെ നിലനിര്‍ത്തിയത്. ഈ അടിത്തറ ഇല്ലാതാകുമ്പോള്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുന്ന കാഴ്ചയാണ് കാണുന്നത് – എം.ജി.എസ് നാരായണന്‍
പറഞ്ഞു.