സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് മുഖ്യമന്ത്രിയുടെ ശകാരം; പിന്നീട് ചിരി

0
49

കായംകുളം: ഓടിവന്ന് കൈയില്‍പ്പിടിച്ച് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. തുടര്‍ന്ന് വിഷമിച്ച് മാറിനിന്ന യുവാവിനെ മുഖ്യമന്ത്രി തന്നെ വിളിച്ച് അടുത്തു നിര്‍ത്തുകയും പിന്നീട് യുവാവിന്റെ മൊബൈലില്‍ മറ്റൊരാളെക്കൊണ്ട് ചിത്രം പകര്‍ത്തി നല്‍കുകയുമായിരുന്നു. സാന്ത്വനിപ്പിച്ച് ഉപദേശവും നല്‍കി.

കായംകുളത്തെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലായിരുന്നു രസകരമായ സംഭവ വികാസങ്ങള്‍. സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി എത്തിയതറിഞ്ഞ് ഏതാനും യുവാക്കള്‍ അവിടേക്ക് ഓടിയെത്തി. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ചിത്രമെടുക്കണമെന്ന് യുവാക്കള്‍ ആഗ്രഹം അറിയിച്ചതോടെ സമ്മതം നല്‍കുകയും ചെയ്തു.

എന്നാല്‍ മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ ഒരു യുവാവ് ഓടിച്ചെന്ന് കൈയില്‍ പിടിക്കുകയും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ നടപടിയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ശകാരം ലഭിച്ച് മാറിനിന്ന യുവാവിനെ പിന്നീട് മുഖ്യമന്ത്രിതന്നെ വിളിച്ച് കൂടെനിര്‍ത്തി ചിത്രമെടുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു.