സൈന്യത്തിന് അത്യാധുനിക തോക്കുകള്‍ക്കായി 3547 കോടിയുടെ പദ്ധതിയ്ക്ക് അനുമതി

0
43

ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് മികവ് കൂടിയ ആയുധങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയ്ക്ക്
ആയുധ സംഭരണ കൗണ്‍സിലിന്റെ (ഡിഎസി) അനുമതി. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് 3547 കോടി രൂപയുടെ തോക്കുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

ഇന്ത്യന്‍ സായുധ സേനകളുടെ 11 വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. അതിര്‍ത്തി മേഖലയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് കരസേന ദീര്‍ഘനാളായി ആവശ്യപ്പെട്ട് വരികയായിരുന്നു. ഏകദേശം 1,66,000 തോക്കുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോള്‍ട്ട് റൈഫിള്‍) 83,895 കാര്‍ബൈനുകളുമാണ് (ചെറു ഓട്ടോമാറ്റിക് റൈഫിള്‍) വാങ്ങുക.

ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന എകെ-47 തോക്കുകളും ഇന്‍സാസ് തോക്കുകളുമാണ് ഇന്ത്യന്‍ സൈനികര്‍ ഇതുവരെ ഉപയോഗിച്ചിരുന്നത്. 1988 മുതല്‍ സൈന്യത്തിന്റെ ഭാഗമായി മാറിയ ഈ ആയുധങ്ങള്‍ക്കു പകരം ഉയര്‍ന്ന പ്രഹരശേഷിയുള്ളവ ആവശ്യമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഹരശേഷി കൂടിയ ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

ആയുധം വാങ്ങുന്നതിനായി 2016ലും ശ്രമം നടത്തിയിരുന്നെങ്കിലും താല്‍പര്യമറിയിച്ച് ഒരു കമ്പനി മാത്രം രംഗത്തെത്തിയ സാഹചര്യത്തില്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കാകും ഈ ആയുധങ്ങള്‍ പ്രധാനമായും നല്‍കുക. ഭീകരവാദികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കും ഇവ ഉപയോഗിക്കും.