10 പെണ്‍മക്കളുള്ള പിതാവ് രണ്ട് പേരെ പണത്തിന് വിറ്റതായി പരാതി

0
44

റാസല്‍ഖൈമ: 10 പെണ്‍മക്കള്ളുള്ള പിതാവ് രണ്ടു പേരെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചുവെന്ന് പരാതി. കേസ് റാസല്‍ ഖൈമ ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണ്. മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കൃത്യം നടക്കുമ്പോള്‍ 18 വയസിന് താഴെയായിരുന്നു ഒരു പെണ്‍കുട്ടിയുടെ പ്രായം. ഇപ്പോള്‍ ഇരുപത് വയസായി. പെണ്‍കുട്ടിയെ പിതാവ് മാനഭംഗപ്പെടുത്തിയെന്ന കേസും നിലനില്‍ക്കുന്നു.

31 വയസുള്ള പെണ്‍കുട്ടിയുടെ സഹോദരിയെയും പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇരുവരെയും പിതാവ് ക്രൂരമായി മര്‍ദിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുമായിരുന്നുവെന്നും കോടതി രേഖകള്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം പ്രതി നിഷേധിച്ചു. എന്നാല്‍, നൈറ്റ് ക്ലബില്‍ നൃത്തം ചെയ്യാനും ആളുകള്‍ക്കൊപ്പം പണത്തിനുവേണ്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും പിതാവ് നിര്‍ബന്ധിച്ചുവെന്ന് റാസല്‍ഖൈമ പൊലീസിന് നല്‍കിയ മൊഴിയില്‍ ആദ്യത്തെ പെണ്‍കുട്ടി പറഞ്ഞു. ഇയാളുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. മറ്റു സഹോദരിമാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മറ്റുപുരുഷന്‍മാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പിതാവ് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദ രേഖ പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവശമുണ്ട്. മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ച പ്രതി, മക്കളുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും പറഞ്ഞു. പെണ്‍കുട്ടികളെ നിശാ ക്ലബില്‍ വിട്ടത് അവരുടെ ഇഷ്ടപ്രകാരമാണ്. താന്‍ തൊഴില്‍രഹിതനാണെന്നും 10 പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് പെണ്‍കുട്ടികള്‍ നിശാ ക്ലബില്‍ പോയപ്പോള്‍ എതിര്‍ക്കാതിരുന്നതെന്നും പ്രതി പറഞ്ഞു.

ഒരു പെണ്‍കുട്ടി നൈറ്റ് ക്ലബില്‍ നൃത്തം ചെയ്താല്‍ 200 മുതല്‍ 300 ദിര്‍ഹം വരെ ലഭിക്കുമെന്നും ഇയാള്‍ പറഞ്ഞു. വാദം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി കേസ് ഈ മാസം 24ലേക്ക് മാറ്റി.