അന്താരാഷ്ട്ര നാടകോത്സവം ഇന്ന് മുതല്‍

0
68

തൃശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ പത്താമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്ക്) ഇന്ന് തൃശൂരില്‍ അരങ്ങേറും. ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിരണ്ടു നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. പലസ്തീന്‍ നാടകമായ ഇയര്‍ സീറോയാണ് ഉദ്ഘാടന നാടകം.ഓണ്‍ ലൈന്‍ വഴി ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും നാടകത്തിന്റെ അര മണിക്കൂര്‍ മുമ്പ് അക്കാദമിയിലെ ബോക്‌സ് ഓഫീസില്‍ ടിക്കറ്റുകള്‍ ലഭിക്കും.

തിരസ്‌കൃത ജീവിതം ആണ് നാടകോത്സവത്തിലെ പ്രമേയം. ഇറാന്‍, സിംഗപ്പുര്‍, പോളണ്ട്, ചിലി, സ്പെയിന്‍, ഈജിപ്ത്, പലസ്തീന്‍, ഇസ്രയേല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 15 അന്തര്‍ദേശീയനാടകവും 11 ഇതരഭാഷാ ഇന്ത്യന്‍നാടകവും അഞ്ചു മലയാളനാടകവും അരങ്ങിലെത്തും.

സൗജന്യമായും ടിക്കറ്റെടുത്തും കാണാവുന്ന നാടകങ്ങള്‍ ഇറ്റ്ഫോക്കില്‍ അരങ്ങേറും. 30 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബാക്കി കൗണ്ടര്‍ വഴിയുമാകും വിതരണം ചെയ്യും.

നാടകാവതരണങ്ങള്‍ക്കൊപ്പം സെമിനാറുകള്‍, നാടകപണിപ്പുരകള്‍, തനതുകലകളുടെ അവതരണങ്ങള്‍ എന്നിവയുമുണ്ടാവും. നാടകോത്സവം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചരിത്രവഴി അടയാളപ്പെടുത്തുന്ന ചിത്രപ്രദര്‍ശനവും നാടകമേളയുടെ പത്തുവര്‍ഷത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തയ്യാറാക്കും.