ആകാശയാത്ര കൊതിക്കുന്നവര്‍ക്ക് പരിശീലനവുമായി സ്‌കൈ ഡൈവ് ആന്‍ഡ് ഫ്‌ളൈ സെന്റര്‍

0
52

കുവൈത്ത് സിറ്റി: ആകാശപ്പറവകളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി കുവൈത്തിലും പരിശീലനം. ഖൈറാനില്‍ സ്ഥാപിതമായ സ്‌കൈ ഡൈവ് ആന്‍ഡ് ഫ്‌ളൈ സെന്റര്‍ പറക്കാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയാണ്. 2009ല്‍ രൂപംകൊണ്ട ആശയത്തിനാണ് കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തീകരണമായത്.

കായിക അതോറിറ്റി, സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ നിലവില്‍ വന്ന കേന്ദ്രത്തില്‍ പ്രഫഷനല്‍, അമച്വര്‍ സ്‌കൈവ് ഡൈവുകാര്‍ക്ക് പരിശീലനം നല്‍കും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഇനത്തില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം നിലവില്‍ വന്നിട്ടുള്ളതെന്ന് സ്ഥാപകന്‍ ഇബ്രാഹം അല്‍ റുബൈആന്‍ അറിയിച്ചു.

പ്രവര്‍ത്തനം തുടങ്ങി ഒരുമാസത്തിനകം തന്നെ കേന്ദ്രം കുവൈത്തിലെയും ഗള്‍ഫിലെ ഇതര രാജ്യങ്ങളിലെയും `ആകാശപ്പറവ`കളെ ആകര്‍ഷിച്ചു തുടങ്ങിയിട്ടുണ്ട്. യുഎസ് പാരചൂട്ട് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളില്‍നിന്ന് യോഗ്യത നേടിയ 20 പരിശീലകരാണ് ഇവിടെയുള്ളത്.

പരിശീലകര്‍ ഉള്‍പ്പെടെ എല്ലാ തസ്തികകളിലും ഭാവിയില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കാനാണ് പരിപാടി. രാജ്യാന്തര തലത്തിലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും കേന്ദ്രത്തിനുണ്ട്. ഉപകരണങ്ങളും രാജ്യാന്തര നിലവാരത്തിലുള്ളതാണ്. ടാന്‍ഡം ട്രൈനിങ് ജംപിങ് കോഴ്‌സിന് 160 ദിനാറും യോഗ്യതയും ലൈസന്‍സും ലഭിക്കുന്നതിന് 1000 ദിനാറുമാണ് ഫീസ്. ലൈസന്‍സുള്ളവര്‍ക്ക് ഫ്രീ സ്‌കൈഡൈവിന് 9.5 ദിനാറാകും ഫീസ്