ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഭരണത്തില്‍ തൊഗാഡിയയ്ക്കുപോലും രക്ഷയില്ലെന്ന് പിണറായി വിജയന്‍

0
49

തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള  ഭരണത്തില്‍ തൊഗാഡിയയ്ക്കുപോലും രക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദുരൂഹമാണെന്നും പിണറായി പറയുന്നു.

രാജ്യത്ത് അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത് ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തണമെന്ന ആര്‍എസ്എസ് നയമാണ് ഇപ്പാള്‍ നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പ്ലാനിംഗ് ബോര്‍ഡ് ഇല്ലാതാക്കിയത് ഇതിന്റെ ഭാഗമാണ്.
ന്യൂനപക്ഷങ്ങളെയും പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോള്‍ എങ്ങോട്ടാണെന്നും പിണറായി ചോദിക്കുന്നു.

നവ ഉദാരീകരണ നയ കാര്യവുമായി ഒരു സഖ്യവുമില്ലെന്നും നവ ഉദാരീകരണ നയങ്ങളിലൂടെ രാജ്യത്തെ ബിജെപിയ്ക്ക് കൈമാറിയ കോണ്‍ഗ്രസുമായി ഈ വിഷയത്തില്‍ എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്നും പിണറായി ചോദിച്ചു. അതേസമയം വിശാല മതേതര ചേരി രൂപപ്പെടുത്തിയാല്‍ അതില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തൊഗാഡിയ ആരോപണം ഉന്നയിച്ചത്. തന്നെ വധിക്കാന്‍ നീക്കം നടത്തുന്നത് രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളാണ്. ഭരണാധികാരികളുടെ വാക്ക് കേട്ട് പോലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും വികാരാധീനനായി തൊഗാഡിയ പറഞ്ഞു.