ആശാന്റെ കുട്ടികള്‍ക്ക് മുന്നില്‍ അടി പതറി ബ്ലാസ്റ്റേഴ്‌സ്‌

0
48

ജംഷഡ്പുര്‍: രണ്ട് തുടര്‍ വിജയങ്ങള്‍ സമ്മാനിച്ച് ആവേശ കൊടുമുടിയിലെത്തിച്ച ശേഷം വീണ്ടും ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്പുര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ മഞ്ഞപ്പടയ്ക്ക് മേല്‍ നേടിയ ആധിപത്യം അവസാന നിമിഷം വരെ നിലനിര്‍ത്താന്‍ പഴയ ആശാന്റെ കുട്ടികള്‍ക്ക് സാധിച്ചു. പിന്നെ ആകെ ഒരു ആശ്വാസം, ഇന്‍ജുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മാര്‍ക് സിഫ്‌നിയോസ് നേടിയ ഗോള്‍ മാത്രം. ജെറി മാവിങ്താങ്ക (23-ാം സെക്കന്‍ഡ്), അഷിം ബിശ്വാസ് (30-ാം മിനിറ്റ്) എന്നിവരാണ് ആതിഥേയരുടെ ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ 10 മല്‍സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ജംഷഡ്പുര്‍ ഏഴാം സ്ഥാനത്തേക്ക് കയറി. 11 മല്‍സരങ്ങളില്‍നിന്ന് 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത തന്നെ തുടരുന്നു.

താരതമ്യേന പിന്നില്‍ നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. എന്നിട്ടും, ജംഷഡ്പുറിന്റെ പ്രതിരോധ വലയം ഭേദിക്കാന്‍ ഇന്‍ജുറി ടൈം വരെയും സാധിക്കാതിരുന്നത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു. ടീമിന്റെ രക്ഷകനായി അവതരിച്ച ഡേവിഡ് ജയിംസിന് കീഴില്‍ ഈ സീസണില്‍ ടീം വഴങ്ങുന്ന ആദ്യ തോല്‍വിയാണ് ഇത്.