ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് വിമാന യാത്രികര്‍ സാക്ഷികളായെന്ന് യു.എസ്

0
48

വാഷിംഗ്ടണ്‍: ഉത്തരകൊറിയ കഴിഞ്ഞ നവംബറില്‍ നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് വിമാന യാത്രികര്‍ സാക്ഷികളായെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ യാത്രക്കാര്‍ മിസൈല്‍ വിക്ഷേപണം കണ്ടതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആണ് വെളിപ്പെടുത്തിയത്.

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ധാര്‍ഷ്ട്യത്തിന് തെളിവാണിതെന്നും റെക്സ് ടില്ലേഴ്സണ്‍ ആരോപിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറയുന്നതനുസരിച്ച് മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ-ഹോങ്കോങ് വിമാനം ലക്ഷ്യസ്ഥാനത്തിന് 280 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു. അതേ വ്യോമപരിധിയില്‍ മറ്റ് 9 വിമാനങ്ങളും ആ സമയത്തുണ്ടായിരുന്നു. 716 വിമാനങ്ങളാണ് അന്നേ ദിവസം ആ പാതയിലൂടെ സഞ്ചരിക്കാനുണ്ടായിരുന്നതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് അറിയിച്ചതായും ടില്ലേഴ്സണ്‍ പറഞ്ഞു. ഏത് സമയത്തും പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്താന്‍ തയ്യാറാവുന്ന ഉത്തര കൊറിയ അതുമൂലം വ്യോമ പാതയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതേയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാഹചര്യങ്ങളൊന്നും വകവയ്ക്കാതെ മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം ശക്തമാക്കണമെന്നും ടില്ലേഴ്‌സണ്‍ സഖ്യരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഏത് വിമാനത്തിലെ യാത്രക്കാരാണ് മിസൈല്‍ വിക്ഷേപണം കണ്ടതെന്ന് ടില്ലേഴ്സണ്‍ വ്യക്തമാക്കിയില്ല. അവരുടെ യാത്ര മറ്റേതെങ്കിലും വ്യോമപാതയിലൂടെ തിരിച്ചുവിട്ടോ എന്നുള്ളതും അദ്ദേഹം പറഞ്ഞില്ല.

ഉത്തരകൊറിയയുടെ 53 മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണ വിക്ഷേപണത്തില്‍ ഭൂഖണ്ഡാന്തര മിസൈല്‍ 2500 മൈല്‍ ഉയരത്തിലെത്തിയ ശേഷമാണ് ജപ്പാന്റെ വടക്ക് പടിഞ്ഞാറന്‍ തീരത്തിന് 155 മൈല്‍ അകലെ ലാന്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇത് മറ്റേത് ഉത്തര കൊറിയന്‍ മിസൈലിന്റേതിലും കൂടിയ ഉയരത്തിലെത്തിലായിരുന്നെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.