എണ്ണ വില കുതിച്ചുയരുമ്പോള്‍ രാഷ്ട്രീയ നേതൃത്വം മൗനിബാബമാരാകരുത്: ജോസഫ് എം.പുതുശ്ശേരി

0
204

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനിബാബമാരാകാതെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി 24 കേരളയോടു പറഞ്ഞു.

പെട്രോൾ – ഡീസൽ വില സമാനതകളില്ലാത്ത വിധമാണ് കുതിച്ചുയർന്നിരിക്കുന്നത്. വിലവര്‍ദ്ധനയില്‍
എതിര്‍പ്പ് ഉയരാത്തതിനാല്‍ പെട്രോള്‍ കമ്പനികള്‍ അതൊരു സൗകര്യമായി എടുക്കുകയാണ്. ഈ സാഹചര്യത്തില്‍ നിത്യേന കമ്പനികള്‍ വില നിര്‍ണയിക്കുന്ന രീതി അവസാനിപ്പിച്ച് ഇന്ധന വില നിര്‍ണയം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം-പുതുശ്ശേരി ആവശ്യപ്പെട്ടു.

പെട്രോൾ വില ലിറ്ററിന് 75 രൂപയും ഡീസൽ വില 67 രൂപയും കടന്നിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരമനുസരിച്ച് ഉപേഭാക്താവിന് ആനുകൂല്യം ലഭിക്കുമെന്ന് പറഞ്ഞു നടപ്പിലാക്കിയ ദിവസേനയുള്ള വില നിലവാര  പദ്ധതി ജനങ്ങളെ കൊള്ളയടിക്കാനുള്ള ലൈസൻസായി രൂപാന്തരപ്പെട്ടിരിക്കുന്നു.

ക്രൂഡ് ഓയിൽ വിലയിൽ ഇപ്പോഴുണ്ടായിരിക്കുന്ന നേരിയ വർദ്ധനവിന്റെ പേരിലാണ് ഇപ്പോഴത്തെ വർദ്ധനവെങ്കിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞപ്പോൾ അതനുസരിച്ച് വിലക്കുറവുണ്ടായില്ല എന്ന വസ്തുത ബന്ധപ്പെട്ടവര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 10 രൂപയോളമാണ് പെട്രോൾ – ഡീസൽ വിലയില്‍ വര്‍ധനവ് വന്നത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയാത്ത വര്‍ദ്ധനവാണിത്. ജനങ്ങളുടെ ശ്രദ്ധ തെറ്റിച്ചാണ് ഇത് ചെയ്യുന്നത്.

മുന്‍പ് 10-15 പൈസ വരെ ലിറ്ററില്‍ വര്‍ദ്ധന വന്നാല്‍ കേരളാ ബന്ദും ഭാരത ബന്ദും ഒക്കെ നടത്തിയ നാടാണ് ഇത്. ഇപ്പോള്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് പത്ത് രൂപയോളമാണ്. എന്നിട്ടും ഒരു പ്രതിഷേധവും കാണാനില്ലാത്ത അവസ്ഥയാണ്. റിലയന്‍സ് അടക്കമുള്ള കുത്തക കമ്പനികള്‍ വന്‍ നേട്ടമാണ് കൊയ്യുന്നത്.
വര്‍ദ്ധനവ് വഴി ഓരോ ദിവസവും കോടികള്‍ അവരുടെ കയ്യിലേയ്ക്ക്‌ മാറുകയാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിന്റെ ഗുണം സാധാരണക്കാരന് ലഭിക്കണം. അത് ലഭിക്കുന്നില്ല എന്ന് മാത്രമല്ല അധിക തുക സാധാരണക്കാരന്റെ കയ്യില്‍ നിന്ന് വാരുകയാണ്. മൗനത്തില്‍ ഇരിക്കേണ്ട സമയമല്ലിത്. ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളറില്‍ താഴേയ്ക്ക് പോയിരുന്നു. അപ്പോഴും ഇന്ത്യക്കാരന് ഗുണം ലഭിച്ചില്ല.

2016 നവംബര്‍ മുതല്‍ ഇങ്ങോട്ട് ഒന്‍പത് തവണ എക്സൈസ് തീരുവ കൂട്ടി. ഉപഭോക്താവിന് കിട്ടേണ്ട ആനുകൂല്യമായി വരുന്ന തുകകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. സര്‍ക്കാര്‍ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്ന വിചിത്ര രീതിയാണ് നിലനില്‍ക്കുന്നത്.

2014 വരെ എക്സൈസ് തീരുവ 99,184 കോടി രൂപയായിരുന്നു. 2017 ആയപ്പോൾ ഈ തുക 2,42,691 കോടി രൂപയായി. അതായത് ഇരട്ടിയിലധികം തുക കേന്ദ്രസര്‍ക്കാരിനു ലഭിച്ചു. പക്ഷെ ഉപഭോക്താവിന് അതിന്റെ ഗുണം ലഭിക്കുന്നില്ല. ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ ഗുണഭോക്താവ് ജനങ്ങളല്ല സർക്കാർ തന്നെയെന്നു ഈ കണക്കുകള്‍ പകൽ പോലെ വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധം ഉയരേണ്ടതുണ്ട്.

ജനജീവിതത്തിന്റെ സമസ്ത മേഖലയേയും ബാധിക്കുന്ന ഡീസൽ-പെട്രോള്‍ വിലയുടെ അനിയന്ത്രിതമായ വർദ്ധനവിന് കടിഞ്ഞാണിടാൻ സർക്കാരിന് ബാധ്യതയുണ്ട്. ആ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല – പുതുശ്ശേരി പറഞ്ഞു.