ഒരു ബ്രാഹ്മണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയാല്‍ എന്തൊക്കെ സംഭവിക്കും? ദീപക് മിശ്രയുടെ ചരിത്രം ഇതാണ്…

0
155

നിലിം ദത്ത

1886 ഒക്ടോബര്‍ 26ന് ഒഡിഷയിലെ ഖോര്‍ദ്ദ ഗ്രാമത്തില്‍ ജനിച്ച പണ്ഡിറ്റ് ഗോദാബാരിഷ് മിശ്ര ഒരു ബ്രാഹ്മണനായിരുന്നു. ഗ്രാമത്തിലെ സ്‌കൂളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം പൂരി ജില്ലയില്‍ ഉപരിപഠനം തുടരുകയും റാവന്‍ ഷാ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. 1912ല്‍ അദ്ദേഹം കൊല്‍ക്കത്തയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

1912ല്‍ പണ്ഡിറ്റ് ഗോദാബാരിഷ് മിശ്ര സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടുമ്പോള്‍ ഒഡീസയിലെ ദളിത് ബഹുജന ആദിവാസി സമൂഹത്തിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും അന്യമായിരുന്നു. ദളിത് കുട്ടികള്‍ക്ക് സ്‌കൂള്‍ അങ്കണത്തില്‍ പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം സ്വന്തമാക്കിയത് സര്‍വകലാശാല ബിരുദങ്ങളാണ്. അദ്ദേഹം ജനിച്ച വര്‍ഷം അതായത് 1866ല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ ക്ഷാമമാണ് ഒഡീഷ നേരിട്ടിരുന്നത്. പട്ടിണി മൂലം ഒഡീഷയിലെ മൂന്നില്‍ ഒരു ഭാഗം ജനം മരണമടഞ്ഞു. പണ്ഡിറ്റ് മിശ്രയുടെ കുടുംബം എങ്ങനെയാണ് കടുത്ത ക്ഷാമത്തെ മറികടന്നത് എന്നത് അത്ഭുതമുളവാക്കുന്നതാണ്.

നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത പണ്ഡിറ്റ് മിശ്ര 1937ല്‍ ഒഡീഷയില്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1941ല്‍ അദ്ദേഹം ധനകാര്യ വിദ്യാഭ്യാസ മന്ത്രിയാകുകയും 1944 വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. പണ്ഡിറ്റ് ഗോദാബരിഷ് മിശ്ര കൊണ്ടു വന്ന ഉത്കല്‍ സര്‍വകലാശാല ബില്‍ 1942 ജൂണ്‍ 30തിന് ഒഡീഷ നിയമസഭ പാസാക്കി. ഇത് നവംബര്‍ 27ന് ഉത്കല്‍ സര്‍വകലാശാല സ്ഥാപനത്തിന് വഴിതെളിച്ചു. അതായിരുന്നു ഒഡീഷയിലെ ആദ്യ സര്‍വകലാശാല.

കട്ടക്കിലെ ഹൈക്കോടതിയായിരുന്നു അദ്ദേഹം ഉയര്‍ത്തിക്കൊണ്ട് വന്ന മറ്റൊരു സ്ഥാപനം. 1937 മുതല്‍ 1945 വരെയും 1952 മുതല്‍ 1956ല്‍ പണ്ഡിറ്റ് മിശ്ര മരിക്കും വരെയും അദ്ദേഹം ഒഡീഷയിലെ നിയമസഭാംഗമായിരുന്നു. അതായത്, പണ്ഡിറ്റ് ഗോദാബാരിഷ് മിശ്ര തന്റെ അടുത്ത തലമുറയ്ക്ക് അനുഭവിക്കാന്‍ വേണ്ട സാമൂഹിക രാഷ്ട്രീയ മൂലധനവും ഭൗതികസമ്പത്തും സമ്പാദിച്ചിരുന്നു എന്നര്‍ത്ഥം.

പണ്ഡിറ്റ് മിശ്രയുടെ ആണ്‍ മക്കളായിരുന്നു രഘുനാഥ് മിശ്ര, ലോക്‌നാഥ് മിശ്ര, രംഗനാഥ് മിശ്ര എന്നിവര്‍.

രഘുനാഥ് മിശ്ര
ഒഡീഷ നിയമസഭാ വിവരങ്ങള്‍ പ്രകാരം രഘുനാഥ് മിശ്ര ബിരുദദാരിയാണ്. അദ്ദേഹം തന്റെ പിതാവിന്റെ ഒഴിവിലേയ്ക്ക്‌ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എയായി അദ്ദേഹം രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടു. ‘ആദിവാസികളുടെയും ഹരിജനങ്ങളുടെയും ഉന്നമനത്തിനാണ് താന്‍ അധികം ശ്രദ്ധചെലുത്തുന്നത് ‘ എന്ന് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. ആദിവാസികളുടെയും ഹരിജനങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയാല്‍ തന്നെ എത്രത്തോളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

രഘുനാഥ് മിശ്രയുടെ മകനാണ് ദീപക് മിശ്ര. അദ്ദേഹം ഒരു വക്കീലായി തീര്‍ന്നു. രഘുനാഥ് മിശ്ര എംഎല്‍എയായിരുന്ന സമയം അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ലോക്‌നാഥ് മിശ്ര രാജ്യസഭാ
എംപിയായി. മറ്റൊരു സഹോദരനായ രംഗനാഥ് മിശ്ര ഒഡീഷ ഹൈക്കോടതി ബെഞ്ചിലെ സ്ഥിരം ജഡ്ജിയായി.

ലോക്‌നാഥ് മിശ്ര
പണ്ഡിറ്റ് ഗോദാബരിഷ് മിശ്രയുടെ രണ്ടാമത്തെ മകന്‍ ലോക്‌നാഥ് മിശ്ര കൂടുതല്‍ പ്രശസ്തനായിരുന്നു. അദ്ദേഹം 1960 മുതല്‍ 1978 വരെ തുടര്‍ച്ചയായ മൂന്ന് തവണ രാജ്യസഭാംഗമായി. സ്വതന്ത്ര പാര്‍ട്ടിയിലെ അംഗമായിരുന്നു അദ്ദേഹം.

ജ്യേഷ്ഠസഹോദരനായ രഘുനാഥ് മിശ്ര ഒഡീഷയില്‍ എംഎല്‍എയും ലോക്‌നാഥ് മിശ്ര എംപിയും സ്വതന്ത്ര പാര്‍ട്ടി ഒഡീഷയിലെ ഭരണകക്ഷിയും ആയിരിക്കെയാണ് ഇളയ സഹോദരനായ രംഗനാഥ് മിശ്രയ്ക്ക്‌ ഒഡീഷ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.

1991ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലഘട്ടത്ത് ലോക്‌നാഥ് മിശ്ര ആസാം ഗവര്‍ണറായി. 1997 വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു. നരസിംഹ റാവു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്‌ വരെയും അദ്ദേഹം ആസാം ഗവര്‍ണറായിരുന്നു. അതിനു ശേഷം 1992 മുതല്‍ 1993 വരെയുള്ള ഒരു വര്‍ഷക്കാലം നാഗാലാന്റ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു.

ലോക്‌നാഥ് മിശ്ര ആസാമിന്റെ ഗവര്‍ണര്‍ ആയിരിക്കെ അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ രംഗനാഥ് മിശ്ര ഇന്ത്യയുടെ 21-ാമത്തെ ചീഫ് ജസ്റ്റിസായി ഉയര്‍ന്നിരുന്നു. ലോക്‌നാഥ് മിശ്രയുടെ മകന്‍ പിനാകി മിശ്ര അച്ഛന്റെ പാത പിന്തുടരുകയും ലോകസഭാംഗമായി പലതവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ അദ്ദേഹം ഒഡീഷയിലെ പുരി ലോക്‌സഭാമണ്ഡലത്തിലെ എംപി ആണ്.

രംഗനാഥ് മിശ്ര
ഗോദാബാരിഷ് മിശ്രയുടെ ഏറ്റവും ഇളയമകന്‍ രംഗനാഥ് മിശ്ര അഭിഭാഷകനായി തീര്‍ന്നു. 1950ല്‍ അദ്ദേഹം അഭിഭാഷകരുടെ അസോസിയേഷനായ ബാറില്‍ ചേരുകയും ചെയ്തു. 1969ല്‍ അദ്ദേഹം ഒഡീഷ ഹൈക്കോടതി ബെഞ്ചിലെ സ്ഥിരം ജഡ്ജിയായി. അതേസമയം അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരന്‍മാര്‍ ഒഡീഷയിലെ എംഎല്‍എയും എംപിയുമായിരുന്നു.

രംഗനാഥ് മിശ്ര ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായപ്പോള്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗതി കൃഷ്ണ മിശ്രയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ബ്രാഹ്മണരായിരുന്നുവെന്നത് ആകസ്മികമായി സംഭവിച്ചതാകാം. 1980ല്‍ രംഗനാഥ് മിശ്ര ഒഡീഷ ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായി. 1981ല്‍ ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു.

1983 മാര്‍ച്ച് 15ന് രംഗനാഥ് മിശ്ര സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റു.

1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് സിഖ് വംശഹത്യ നടന്നു. തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച രാജീവ് ഗാന്ധി കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണത്തിനായി രംഗനാഥ് മിശ്രയെ ഏകാംഗ
കമ്മീഷനായി നിയമിച്ചു. 1986ല്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് 1987 ഫെബ്രുവരിയില്‍ പരസ്യപ്പെടുത്തി.

രംഗനാഥ് മിശ്ര കമ്മീഷന്‍ സിഖ് വംശഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്ക് പാടെ മറച്ചുവെച്ചു.

ഒരു വ്യക്തിക്കെതിരെയും ശിക്ഷാനടപടികള്‍ ശുപാര്‍ശ ചെയ്തില്ല. വംശഹത്യയ്ക്ക്‌ നേതൃത്വം കൊടുത്ത എല്ലാ ഉന്നത ഉദ്യോഗസ്ഥരെയും സംരക്ഷിച്ചു. സാക്ഷികളായെത്തിയ ഇരകള്‍ പ്രാദേശിക പൊലീസില്‍ നിന്നും ഭീഷണി നേരിട്ടിരിന്നുവെന്ന് കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. വ്യാപകമായ വീഴ്ചകള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് കമ്മീഷന്‍ രേഖപ്പെടുത്തി. കലാപസമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയും ജാഗ്രതയില്ലായ്മയുമാണ്‌ വംശഹത്യയ്ക്ക്‌ വഴിവെച്ചതെന്ന് കമ്മീഷന്‍ അനുമാനിച്ചു.

1990 സെപ്തംബര്‍ 25 മുതല്‍ 1991 നവംബര്‍ 17 വരെ രംഗനാഥ് മിശ്ര ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി തുടര്‍ന്നു. അതേസമയം അദ്ദേഹത്തിന്റെ സഹോദരന്‍ ലോക്‌നാഥ് മിശ്ര ആസാം ഗവര്‍ണറായിരുന്നു.

അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം 1993ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയര്‍മാനായി അദ്ദേഹം തെരഞ്ഞെടപുക്കപ്പെട്ടു. 1998ല്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായി.

2007ല്‍ രംഗനാഥ് മിശ്ര മതപരവും ഭാഷാപരവുമായുള്ള ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്റെ തലവനായി നിയമിക്കപ്പെട്ടു.

ദീപക് മിശ്ര
രംഗനാഥ് മിശ്ര ഹൈക്കോടതി ജഡ്ജിയായി തുടരുമ്പോഴാണ് രഘുനാഥിന്റെ മകനും അഭിഭാഷകനുമായ ദീപക് മിശ്ര ബാര്‍ അസോസിയേഷനില്‍ ചേരുന്നത്. രംഗനാഥ് മിശ്ര ഹൈക്കോടതിയിലേയ്ക്ക്‌ സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചേമ്പര്‍ ആര്‍.സി പട്‌നായികിന് ലഭ്യമായി. പട്‌നായികില്‍ നിന്ന് രംഗനാഥിന്റെ മൂത്ത മകനായ ദേവാനന്ദിന് തല്‍സ്ഥാനം ലഭിച്ചു. അദ്ദേഹത്തിന്റെ അകാലമരണം ദീപക് മിശ്രയിലേയ്ക്ക്‌ ചേമ്പര്‍ എത്തിച്ചു.

1979ല്‍ ദീപക് മിശ്ര ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും അദ്ദേഹത്തിന്റെ അച്ഛന്റെ ഇളയസഹോദരന്‍ രംഗനാഥ് മിശ്ര ഹൈക്കോടതി ജഡ്ജിയും രഘുനാഥ് മിശ്ര എംഎല്‍എയും ലോക്‌നാഥ് മിശ്ര രാജ്യസഭാംഗവും ആയിരിക്കെ ദീപക് മിശ്ര രണ്ട് ഏക്കര്‍ കാര്‍ഷിക ഭൂമിയ്ക്കായി അപേക്ഷിച്ചു.

‘ജാതിയാല്‍ ബ്രാഹ്മണനായ എനിക്കും എന്റെ കുടുംബാഗങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല’ എന്നാണ് സത്യവാങ്മൂലത്തില്‍ ദീപക് മിശ്ര പറഞ്ഞിരുന്നത്.

രഘുനാഥ് മിശ്രയുടെ മകനായ ദീപക് മിശ്രയ്ക്ക്‌ തഹസില്‍ദാര്‍ രണ്ട് ഏക്കര്‍ ഭൂമി അനുവദിച്ചു. എന്നാല്‍
തഹസില്‍ദാറിന്റെ അനുമതി 1985ല്‍ കട്ടക്ക് എഡിഎം റദ്ദാക്കി. പക്ഷേ റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടത് 2012 നായിരുന്നു.

നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ക്കെതിരെ അന്വേഷണം നടന്നിരുന്നു. എഡിഎം നിയമവിരുദ്ധമായി പാട്ടത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്തുവെങ്കിലും പാട്ടത്തിനെടുത്തവര്‍ ഭൂമി ഒഴിഞ്ഞിരുന്നില്ല.

1979ല്‍ ദീപക് മിശ്ര കാണിച്ചത് ‘ബ്രാഹ്മിണ്‍ മെറിറ്റ് ‘ ആയിരുന്നില്ല. അത് ‘ ബ്രാഹ്മിണ്‍ ജീനിയസ് ‘ ആയിരുന്നു.

അങ്ങനെ പല കാലഘട്ടത്തിലും ദീപക് മിശ്ര തന്റെ ‘ബ്രാഹ്മിണ്‍ മെറിറ്റ് ‘ പുറത്തെടുത്തിട്ടുണ്ട്.
1996ല്‍ ദീപക് ദീപക് മിശ്രയ്ക്ക്‌ അഡീഷണല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 1997ല്‍ അദ്ദേഹം മധ്യപ്രദേശിലേയ്ക്ക്‌ സ്ഥലമാറ്റം ആവശ്യപ്പെട്ടു. തുടര്‍ന്ന് 1997 ഡിസംബര്‍ 19ന് അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി.

1999ല്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി തുടരുമ്പോഴാണ് മറ്റൊരു ബ്രാഹ്മിണ്‍ ജഡ്ജി, അരുണ്‍ മിശ്ര ബാര്‍ അസോസിയേഷനില്‍ ചേരുന്നത്.

2009 ഡിസംബര്‍ 23ന് ദീപക് മിശ്ര പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. പിന്നീട്‌ 2010 മെയ് 10ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി.

ദീപക് മിശ്രയെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കിയതില്‍ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന എച്ച് എസ് കപാഡിയയ്ക്ക് പങ്ക് ഉണ്ടെന്നാണ് വിശ്വാസം. 2011 ഒക്ടോബര്‍ 10ന് ദീപക് മിശ്ര സുപ്രീം കോടതി ജഡ്ജിയായി.

മധ്യപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ അസാധാരണമായ ‘മെറിറ്റ് ‘ ദീപക് മിശ്ര കാണിച്ചിട്ടുണ്ട്. ‘കബി ഖുശി ഗബി ഗം’ എന്ന ചിത്രത്തില്‍ ഒരു കുട്ടി ദേശീയഗാനം ആലപിക്കുമ്പോള്‍ തിയേറ്ററില്‍ ആരും എഴുന്നേറ്റ് നില്‍ക്കാത്തത് തന്നെ വളരെ അധികം വേദനിപ്പിച്ചു എന്നായിരുന്നു ശ്യാം നാരായണ്‍ ചൗസ്‌കിയുടെ പരാതി. ഇതിനെ തുടര്‍ന്ന് ദേശീയഗാനം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ദീപക് മിശ്ര ആവശ്യപ്പെട്ടു. നീക്കം ചെയ്യപ്പെടാത്ത പക്ഷം അത് ദേശീയഗാനത്തെ അപമാനിക്കലാകും എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

13 വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ശ്യാം നാരായണ്‍ ചൗസ്‌കി മറ്റൊരു പരാതിയുമായെത്തി. ദേശീയഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കണമെന്നും അതേസമയം എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം എന്നുമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. സുപ്രീം കോടതിയുടെ രജിസ്ട്രറി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് വിഷയം ദീപക് മിശ്രയുടെ നേതൃത്വത്തിന് മുന്നിലുള്ള ബെഞ്ചില്‍ എത്തി.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഖലിഘോ പുളിന്റെ ആത്മഹത്യാക്കുറിപ്പില്‍ വളരെ വ്യക്തമായി ദീപക് മിശ്രയുടെ സഹോദരന്‍ ആദിത്യ മിശ്ര 37 കോടി രൂപ അനുകൂല വിധിയ്ക്കായി
ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്.

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കേണ്ട സമയത്താണ് ദീപക് മിശ്രയ്ക്ക്‌ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ഉണ്ടാകുന്നത്. സ്ഥാനാരോഹിതനായി അഞ്ച് മാസം തികയുന്നതിന് മുമ്പേ സുപ്രീം കോടതി കൊളീജിയത്തിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചു. ഇന്ത്യന്‍ നീതി ന്യായവ്യവസ്ഥയില്‍ അപൂര്‍വ സംഭവങ്ങള്‍ അരങ്ങേറി. അധിപതിയായ, ഭൂമിയില്ലാത്ത, മെറിറ്റുള്ള ബ്രാഹ്മണനെ അംഗീകരിക്കാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല.

ചോദ്യങ്ങളെല്ലാം മറ്റൊരു മെറിറ്റുള്ള ബ്രാഹ്മണ ജഡ്ജിയുടെ മുന്നില്‍ അവതരിപ്പിക്കാനുളള അവസരം ഉണ്ടായി. ‘അരുണ്‍ മിശ്ര’ ആയിരുന്നു ആ ജഡ്ജി. മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയിലേക്ക് സ്ഥാനാരോഹിതനായ, 25 സുപ്രീം കോടതി ജഡ്ജിമാരില്‍ പത്താം സ്ഥാനക്കാരന്‍.

2014 ജൂലൈ 7ന് മോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയമിച്ച മൂന്ന് ജഡ്ജിമാരില്‍ മുതിര്‍ന്ന ജഡ്ജിയാണ് അരുണ്‍ മിശ്ര. കൊളീജിയം ചീഫ് ജസ്റ്റിസ് സദാശിവം അധ്യക്ഷനായി തുടര്‍ന്നു.

സഹാറ ഡയറീസ്
സിജെഎആര്‍, കാമിനി ജെയ്‌സ്വാള്‍, ജഡ്ജി ബി.എച്ച്.ലോയയുടെ മരണം എന്നീ മൂന്ന് കേസുകളാണ് മൂന്ന് ജഡ്ജിമാരടങ്ങുന്ന കൊളീജിയം പരിഗണിക്കുന്നത്. ഇവയെല്ലാം തന്നെ മോദിക്കും അമിത് ഷായ്ക്കും ചീഫ് ജസ്റ്റിസിനും എതിരെ വിരല്‍ ചൂണ്ടുന്ന, രാഷ്ട്രീയപരമായി വളരെ സെന്‍സിറ്റീവായ കേസുകളാണ്. എന്തുകൊണ്ടാണ് അരുണ്‍ മിശ്രയ്ക്ക്‌ മുന്നില്‍ ഈ കേസുകള്‍ അവസാനിച്ചത്?

ബ്രാഹ്മണ്‍ മെറിറ്റ് തന്നെ കാരണം.

ഒരു ഭൂമി ഇല്ലാത്ത ബ്രാഹ്മണന് എങ്ങനെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ആകാമെന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ദീപക് മിശ്ര. ജാതിയാല്‍ കിട്ടുന്ന പ്രത്യേക അവകാശങ്ങളും സ്വജനപക്ഷപാതം, കള്ളത്തരം, തട്ടിപ്പ് എന്നിവയിലൂടെ വിജയം കൈവരിച്ച മെറിറ്റുള്ള ബ്രാഹ്മണന്‍.

ഈ രാജ്യത്തെ ജാതി എങ്ങനെ നശിപ്പിക്കുന്നുവെന്നതിന്റെ തെളിവാണ് ദീപക് മിശ്ര. തന്റെ മുത്തച്ഛന്‍ പഠിച്ച അതേ സ്‌കൂളില്‍ നിന്ന് അയാള്‍ പഠിച്ചു. അതേ ഒഡീഷയില്‍ ആദിവാസി കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിക്കാതിരിക്കാനായി പൊരുതുന്നു.

ഈ ഇന്ത്യയെയാണ് ഉടച്ചുവാര്‍ക്കേണ്ടത്. പുനര്‍നിര്‍മിക്കേണ്ടത്.

(നിലിം ദത്ത ഫെയ്‌സ് ബുക്കില്‍ എഴുതിയത്)

പരിഭാഷ നിര്‍വഹിച്ചത് : ആരതി.എം.ആര്‍