കമല്‍ഹാസനും രാഷ്ട്രീയ ഗോദയിലേയ്ക്ക്‌; ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 21ന്

0
67

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലിറങ്ങാന്‍ കമല്‍ഹാസനും. താരം പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21 ന് പ്രഖ്യാപിക്കും. അന്നുതന്നെ സംസ്ഥാന പര്യടനം നടത്തുമെന്നും കമല്‍ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പര്യടനം ആരംഭിക്കുന്നത് തമിഴ് നാട്ടിലെ രാമനാഥപുരത്തു നിന്നാണ്. പല ഘട്ടങ്ങളായി പര്യടനം നടത്താനാണ് തീരുമാനം. രാമനാഥപുരത്ത് നിന്നു തുടങ്ങുന്ന പര്യടനം മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലൂടെ കടന്നുപോകും.

ഫെബ്രുവരി 21 ന് പര്യടനത്തിന്റെ ഉദ്ഘടാന വേളയില്‍ പാര്‍ട്ടിയുടെ പേരും നയവും വ്യക്തമാക്കുമെന്നും കമല്‍ഹാസന്‍ അറിയിച്ചു. താരത്തിന്റെ യാത്ര തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനു കെടുകാര്യസ്ഥതയ്ക്കും എതിരെയാണ്. മുമ്പ് അഴിമതിയെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കാനും ജനങ്ങളുമായി ആശയ വിനിയമം നടത്താനുമായി താരം പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരുന്നു. തന്റെ ചിന്തയും പ്രവൃത്തിയും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന്‌ കമല്‍ഹാസന്‍ വ്യക്തമാക്കി.

അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷ വേദിയിലായിരുന്നു കമല്‍ഹാസന്‍ ആപ്പ് അവതരിപ്പിച്ചത്. അന്നു പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് പലരും വിചാരിച്ചത്. പക്ഷേ താരം പറഞ്ഞത് ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കണമെന്നായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ യാത്ര. തമിഴ് നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കണം. അവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ഭരണമാണ് ലക്ഷ്യമെന്നും  കമല്‍ഹാസന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരെത്ത സൂപ്പര്‍ താരം രജനീകാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിരുന്നു. ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലായിരുന്നു രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശന വിഷയത്തില്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമാണെന്നും
രജനി പറഞ്ഞിരുന്നു.