കാണാതായ പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മ അറസ്റ്റില്‍

0
1373

കൊല്ലം: രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന്‍ ജോബിന്റെ കുടുംബത്തിന്റെ വകയായ പറമ്പില്‍ നിന്നാണ് ഇന്ന് വൈകീട്ട് 4.30ന് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ അമ്മ ജയയെ കൊല്ലം എസിപി ജോര്‍ജ് കോശി കസ്റ്റഡിയിലെടുത്തു. ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കിടക്കുന്ന പറമ്പിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നുകയായിരുന്നു.

കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു ജഡം. കൈകളും കാലുകളും വെട്ടിമാറ്റിയിരുന്നു.
എന്നാല്‍ ജഡം കിടന്നിരുന്നതിന് ചുറ്റും കത്തിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ മറ്റെവിടെയോ വെച്ച് കത്തിച്ച ശേഷം ജഡം ആ പറമ്പില്‍ കൊണ്ടുവന്നിട്ടതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ ജയയുടെ സുഹൃത്തായ ഒരു അധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലം പൊലീസ് കമ്മീഷണര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.