കൊല്ലത്ത് പതിനാലുകാരന്റെ കൊലപാതകം: അമ്മ കുറ്റം സമ്മതിച്ചു; കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സംശയം

0
777

 

കൊല്ലം: പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. നെടുമ്പന കുരീപ്പള്ളിയില്‍ ജിത്തു ജോബിനെ (14) കുടുംബവഴക്കിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്ന് അമ്മ ജയമോള്‍ പൊലീസിനോട്‌ സമ്മതിച്ചു.

എന്നാല്‍ ജയമോളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ജയമോളുടെ സുഹൃത്തായ ഒരു അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.

നേരത്തെ ജയമോളെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടിയെ കാണതായതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ്‌ ജയമോള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു ജഡം. കൈകളും കാലുകളും വെട്ടിമാറ്റിയിരുന്നു.
എന്നാല്‍ ജഡം കിടന്നിരുന്നതിന് ചുറ്റും കത്തിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ മറ്റെവിടെയോ വെച്ച് കത്തിച്ച ശേഷം ജഡം ആ പറമ്പില്‍ കൊണ്ടുവന്നിട്ടതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. ഇതേത്തുടര്‍ന്നാണ് ജയമോള്‍ ഒറ്റയ്ക്കല്ല കൊല നടത്തിയിരിക്കുന്നതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരിക്കുന്നത്.

രണ്ടു ദിവസം മുമ്പാണ് ജിത്തുവിനെ കാണാനില്ലായെന്ന്‌ കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പത്രത്തില്‍ ഉള്‍പ്പടെ പരസ്യം നല്‍കി അന്വേഷണം പുരോഗമിക്കുമ്പോഴാണ് സ്വന്തം അമ്മ തന്നെ മകനെ കൊന്നു കത്തിച്ച വാര്‍ത്ത നാട് അറിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്‌.