കോവൂര്‍ കുഞ്ഞുമോന്‍ മന്ത്രിയാകുമോ? പീതാംബരന്‍ മാസ്റ്ററുടെ വാക്കുകള്‍ തടയിട്ടത് കുഞ്ഞുമോന്റെ മന്ത്രി സ്വപ്നങ്ങള്‍ക്കോ?

0
59

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ മന്ത്രിയാകുമോ? ആ ചോദ്യത്തിനാണ് ഇപ്പോള്‍ പീതാംബരന്‍ മാസ്റ്ററുടെ പ്രസ്താവനയോടെ താത്കാലികമായി വിരാമമാകുന്നത്.പാര്‍ട്ടിയില്‍ ആര്‍ക്കും കടന്നു വരാം. പക്ഷെ മന്ത്രി പദവി മോഹിച്ച് ആരെയും പാര്‍ട്ടി ആനയിക്കില്ല. പാര്‍ട്ടിയിലേക്ക് കടന്നു വന്ന് മന്ത്രിയാകാം എന്ന് ആരും മോഹിക്കേണ്ട – പീതാംബരന്‍ മാസ്റ്റര്‍ ഇത് പറയുമ്പോള്‍ പ്രധാനമായുള്ള ലക്ഷ്യം കോവൂര്‍ കുഞ്ഞുമോന്‍ ആയിരുന്നു.

അതിനു പ്രത്യേക കാരണവും ഉണ്ടായിരുന്നു. എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് ആയ പീതാംബരന്‍ മാസ്റ്ററാണ് എന്‍സിപിയിലേയ്ക്ക് ഒരു മന്ത്രിയെ കൊണ്ടുവന്ന്‌ നഷ്ടമായ മന്ത്രി പദവി തിരികെ പിടിക്കാന്‍ നീക്കം നടത്തിയത്. എന്‍സിപി എന്ന പാര്‍ട്ടിയുടെ അനുമതിയില്ലാതെ പീതാംബരന്‍ മാസ്റ്റര്‍ സ്വന്തമായി നടത്തിയ ഒരു നീക്കമായിരുന്നു ഇത്.

ഈ നീക്കത്തിന് പാര്‍ട്ടിയിലെ തോമസ്‌ ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി തടയിടുമെന്നു പീതാംബരന്‍ മാസ്റ്റര്‍ ഓര്‍ത്തതുമില്ല. പാര്‍ട്ടിയ്ക്ക് പുറമെ നിന്നുള്ള ഒരാള്‍ക്ക് മന്ത്രി പദവിയെങ്കില്‍ അത് കെ.ബി.ഗണേഷ് കുമാറിന്‌ മാത്രം എന്നായിരുന്നു പീതാംബരന്‍ മാസ്റ്റര്‍ കേരളാ കോണ്‍ഗ്രസ് ബിയുമായി ഉണ്ടാക്കിയ ധാരണ.

ഈ നീക്കങ്ങളാണ്  ശശീന്ദ്രന്‍-തോമസ്‌ ചാണ്ടി വിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തിയത്. ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കാന്‍ സാധിക്കില്ലെന്ന് ബോധ്യമായപ്പോള്‍ ബദല്‍ നീക്കങ്ങളും പീതാംബരന്‍ മാസ്റ്റര്‍ വെട്ടി. ഈ വെട്ടലിലാണ് കോവൂര്‍ കുഞ്ഞുമോന്റെ മന്ത്രി പദവിയും തുലാസിലായത്.

ഗണേഷ് കുമാര്‍ എന്‍സിപിയുടെ കയ്യില്‍ ഒതുങ്ങില്ല എന്ന് നേതാക്കള്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍ ആണെങ്കില്‍ നിയന്ത്രിച്ച് നിര്‍ത്താം എന്നും ചില നേതാക്കള്‍ കരുതിയിരുന്നു. ഇതോടെയാണ് ഗണേഷ് കുമാറിന് പകരം കുഞ്ഞുമോന്റെ പേര്‌
ഉയര്‍ന്നുവന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതോടെ കോവൂര്‍ കുഞ്ഞുമോന്‍ മനസില്‍ സൂക്ഷിക്കുന്ന സ്വപ്നമാണ് മന്ത്രി പദവി. നാല് തവണ തുടര്‍ച്ചയായി എംഎല്‍എയായി വിജയിക്കുന്ന ആര്‍ക്കും തോന്നാവുന്ന ഒരു മോഹം മാത്രമാണ് മന്ത്രിയാവുക എന്നത്.

ആര്‍ എസ് പി യുഡിഎഫ് പക്ഷത്തോട് ചേര്‍ന്നതോടെ ആര്‍ എസ് പിയില്‍ നിന്നും വിഘടിച്ച് മാറാന്‍ കുഞ്ഞുമോനെ പ്രേരിപ്പിച്ച പ്രധാന ഘടകം നാലാം തവണയും എംഎല്‍എയാവുക. ഒത്താല്‍ മന്ത്രി പദം എന്നതായിരുന്നു. ആര്‍ എസ് പി യുഡിഎഫ് പക്ഷത്തേയ്ക്ക്‌ ചാഞ്ഞപ്പോള്‍ ഇടതുമുന്നണിയ്ക്ക്‌
ആശ്വാസമായിരുന്നു എംഎല്‍എ എന്ന നിലയില്‍ മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കാനുള്ള കുഞ്ഞുമോന്റെ തീരുമാനം.

പകരം ഒരു മന്ത്രി പദവി കുഞ്ഞുമോന്‍ പ്രതീക്ഷിച്ചെങ്കിലും എംഎല്‍എ എന്നതിനപ്പുറം നടക്കില്ലെന്ന്‌
അന്ന് തന്നെ സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആര്‍ എസ് പി യുഡിഎഫിലേയ്ക്ക് പോയപ്പോള്‍ കുഞ്ഞുമോന്‍ അവര്‍ക്കൊപ്പം പോകാതിരുന്നതിന്‌ പ്രധാന കാരണം കുന്നത്തൂര്‍ ഒരു ഇടത് മണ്ഡലമായതിനാലാണ്.

സ്വന്തം പാര്‍ട്ടിയായ ആര്‍ എസ് പിക്കൊപ്പം താന്‍ കൂടി യുഡിഎഫ് പക്ഷത്തേയ്ക്ക്‌ പോയാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ താന്‍ എംഎല്‍എ അല്ലാതായി മാറുമെന്ന്‌ കുഞ്ഞുമോന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഒത്താല്‍ മന്ത്രി പദവി. അല്ലെങ്കില്‍ എംഎല്‍എയായി തുടരാം. ഇതായിരുന്നു ഇടത് മുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ കോവൂര്‍ കുഞ്ഞുമോനെ പ്രേരിപ്പിച്ച ഘടകം.

കുഞ്ഞുമോന്റെ കണക്കുകൂട്ടല്‍ ശരി വെച്ചാണ് പട്ടികജാതി-പാട്ടികവര്‍ഗ മണ്ഡലമായ
കുന്നത്തൂരില്‍ നിന്നും നാലാമതും കുഞ്ഞുമോന്‍ ജയിച്ചത്. ഇടത് സര്‍ക്കാരില്‍ അവസരം കാത്തുനിന്ന കുഞ്ഞുമോന് എന്‍സിപിയിലെ പടലപ്പിണക്കങ്ങളും ശശീന്ദ്രന്‍, തോമസ്‌ ചാണ്ടി കേസുകളും തുണയാകുകയായിരുന്നു.

പുറത്ത് നിന്ന് എംഎല്‍എയെ സ്വീകരിച്ച് ഒരു മന്ത്രിപദവി നല്‍കാന്‍ എന്‍സിപിയിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയപ്പോള്‍ സ്വാഭാവികമായും കുഞ്ഞുമോന്‍ കൂടി സ്വീകരിക്കേണ്ടവരുടെ പട്ടികയില്‍പ്പെട്ടു. പക്ഷെ കുഞ്ഞുമോനെ തിരഞ്ഞെടുക്കാന്‍ കാരണമായ അതേ ഗ്രൂപ്പ് പോരുകള്‍ തന്നെ കുഞ്ഞുമോന്റെ മന്ത്രി പദവിയ്ക്കും തടയിട്ടു.

കുന്നത്തൂരില്‍ നിന്ന് 2001 മുതല്‍ തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്‍. 2001 മുതല്‍ 2011 വരെ കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പിയില്‍ നിന്ന് ഇടതുമുന്നണിയുടെ ഭാഗമായാണ് ജയിച്ചുകൊണ്ടിരുന്നത്. ആര്‍ എസ് പി ഇടതുമുന്നണി വിട്ടതോടെ ആര്‍ എസ് പി ലെനിനിസ്റ്റ് പാര്‍ട്ടിയുമായി നിലനിന്ന കുഞ്ഞുമോന്‍ കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായാണ്‌ കുന്നത്തൂരില്‍ നിന്നും ജയിച്ചത്.

കുഞ്ഞുമോന്‍ ഒപ്പം നില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ കുഞ്ഞുമോന് കുന്നത്തൂരില്‍ സീറ്റ് നല്‍കരുതെന്നു സിപിഎമ്മിലെ ഒരു വിഭാഗം ശക്തിയായി വാദിച്ചിരുന്നു. കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടിയായ ആര്‍ എസ് പി (ലെനിനിസ്റ്റ്) പാര്‍ട്ടിയ്ക്ക്‌ അണികളില്ല. ആര്‍ എസ് പി (ലെനിനിസ്റ്റ്) പാര്‍ട്ടിയില്‍ കുറേക്കൂടി ശക്തമായത് അമ്പലത്തറ ശ്രീധരന്‍ നായര്‍ നയിക്കുന്ന ഔദ്യോഗിക വിഭാഗമാണ്‌.

ഔദ്യോഗിക വിഭാഗത്തില്‍ നിന്നും പിണങ്ങി മാറിയാണ് കുഞ്ഞുമോന്‍ നിലനില്‍ക്കുന്നത്. ആളില്ലാത്ത പാര്‍ട്ടിയിലെ ഒരു നേതാവിന് എംഎല്‍എ പദവി നല്‍കേണ്ടതുണ്ടോ എന്നാണ് സിപിഎമ്മില്‍ നിന്നും ചോദ്യം ഉയര്‍ന്നത്. ജനപിന്തുണയില്ലാത്ത കുഞ്ഞുമോനെ തുടര്‍ന്നും നിര്‍ത്തുന്നതിന് സിപിഐയും എതിരായിരുന്നു.

കുന്നത്തൂരില്‍ കെ.സോമപ്രസാദിനെ നിര്‍ത്തണമെന്നു സിപിഎമ്മില്‍ തന്നെ അഭിപ്രായമുണ്ടായിരുന്നു. ഒടുവില്‍ കുഞ്ഞുമോന് കുന്നത്തൂര്‍ നല്‍കിയപ്പോള്‍ സോമപ്രസാദിന് ഒഴിവു വന്ന രാജ്യസഭാ സീറ്റ് നല്‍കി സിപിഎം തൃപ്തിപ്പെടുത്തുകയായിരുന്നു.