ചൈനയ്ക്കായി ചാരപ്പണി നടത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

0
60

വാഷിങ്ടന്‍: ചൈനയ്ക്കായി ചാരവൃത്തി നടത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ യുഎസില്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ജോണ്‍ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലാണ് ജെറി ചുന്‍ ഷിങ് ലീ എന്ന ഷെന്‍ ചെങ് ലീ (53) ആണ് പിടിയിലായത്. അമേരിക്കയുടെ ചാരന്മാരെ ചൈന തിരിച്ചറിയാന്‍ തുടങ്ങിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറഞ്ഞു.

1994നും 2007നും ഇടയിലാണ് ലീ യുഎസ് ചാരസംഘടനയായ സിഐഎയില്‍ ജോലി ചെയ്തിരുന്നത്. യുഎസ് പൗരത്വം നേടിയിട്ടുള്ള ലീ, ഹോങ്കോങ്ങിലായിരുന്നു താമസം. അതീവ രഹസ്യമായ ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധ പ്രവൃത്തിക്ക് ഉപയോഗിച്ചതായാണ് കുറ്റം. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2012 ഓഗസ്റ്റിലാണ് ലീയും കുടുംബവും ഹോങ്കോങ് വിട്ട് യുഎസില്‍ തിരിച്ചെത്തിയത്. ഈ യാത്രയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഹവായ്, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ലീ താമസിച്ച ഹോട്ടലുകളില്‍ എഫ്ബിഐ നടത്തിയ പരിശോധനയില്‍ സംശയകരമായ വിവരങ്ങള്‍ ലഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച രേഖകള്‍ ലഗേജില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. സിഐഎ ജീവനക്കാരുടെ മൊബൈല്‍ നമ്പരുകളും മേല്‍വിലാസവും കൈപ്പടയില്‍ എഴുതിയതും, രഹസ്യ യോഗസ്ഥലങ്ങളുടെ വിവരങ്ങളും മിനിറ്റ്‌സും രേഖപ്പെടുത്തിയതുമായ രണ്ട് പുസ്തകങ്ങളാണ് പ്രധാനമായും ഇയാളില്‍നിന്ന് കണ്ടെടുത്തത്.

സിഐഎയ്ക്കു വിവരങ്ങളെത്തിക്കുന്നവരെപ്പറ്റി ചൈനയ്ക്കു ചോര്‍ത്തി നല്‍കുകയാണ് ഇതിലൂടെ ലീ ചെയ്തിരുന്നതെന്നാണ് ആരോപണം. സിഐഎ ഉദ്യോഗസ്ഥരുടെയും ചാരന്മാരുടെയും കള്ളപ്പേരുകള്‍ക്കു പകരം യഥാര്‍ഥ പേരുകളാണ് പുസ്തകത്തില്‍ ഉണ്ടായിരുന്നതെന്നതും സംശയത്തിന് ആക്കംകൂട്ടി. സമീപകാലത്തായി ചൈനയില്‍ ഡസനിലേറെ സിഐഎ ചാരന്മാര്‍ കൊല്ലപ്പെടുകയോ ജയിലിലാവുകയോ ചെയ്തിരുന്നു. ലീയുടെ സഹായം ചൈനയ്ക്കു കിട്ടിയിട്ടുണ്ടാകുമെന്നാണ് യുഎസ് കരുതുന്നത്.