ജുഡീഷ്യല്‍ പ്രതിസന്ധി: സമവായ ചര്‍ച്ച ഇന്നും തുടരും

0
39


ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ത്തിവെച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസെിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തില്‍ സമവായ ചര്‍ച്ച ഇന്നും തുടരും. ജസ്റ്റിസും ജഡ്ജിമാരും ഒരുമിച്ചിരുന്ന് ഇന്ന് ഉച്ചഭക്ഷണം കഴിക്കും. സത്കാരത്തിനിടെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നാണ് ജഡ്ജിമാര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം രാവിലെ ചീഫ് ജസ്റ്റിസ് നാല് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ചര്‍ച്ച.

പരസ്യവിമര്‍ശനം ഉന്നയിച്ച ജഡ്ജിമാരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ ചീഫ് ജസ്റ്റിസ് ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് നാല് ജഡ്ജിമാര്‍ വൈകിട്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ജസ്റ്റിസുമാരായ എ.കെ സിക്രി, എസ.്എ ബോബ്ഡെ, എന്‍.വി രമണ, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ മധ്യസ്ഥതയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇതിനിടെ സിബിഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി. ജസ്റ്റിസ് മിശ്ര കേസ് കേള്‍ക്കുന്നതിനെതിരെ കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നതായി സൂചന ഉണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായാണ് ജസ്റ്റിസ് മിശ്ര കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. മഹാരഷ്ട്ര സര്‍ക്കാര്‍ ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണവിവരങ്ങളും മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ലോയ കേസ് താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയതായിരുന്നു നാല് ജഡ്ജിമാരുടെ പെട്ടെന്നുള്ള പരസ്യപ്രതിഷേധത്തിന് കാരണമായത്. കേസുകള്‍ പരിഗണിക്കാനുള്ള ബെഞ്ചിനെ തീരുമാനിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് യുക്തിപരമായല്ല പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുതിര്‍ന്ന ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അസാധാരണമായ പ്രതിസന്ധി ഉടലെടുത്തത്.